പുണെ: ആഡംബരക്കാറിടിച്ച് പുണെയിൽ രണ്ട് യുവ എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യവസായിയുടെ മകനെ രക്ഷിക്കൻ നടന്ന ശ്രമങ്ങൾ ഓരോന്നായി പുറത്തുവരുന്നു. കാറോടിച്ച കൗമാരക്കാരന് അനുകൂലമായി വ്യാജറിപ്പോർട്ട് നൽകിയ ഡോക്ടർമാർക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചിരുന്നതായി പൊലീസ് അധികൃതർ വ്യക്തമാക്കി.

ആശുപത്രിയിലെ പ്യൂണായ അതുൽ ഖട്ട്കാംബ്ലെ ഇടനിലക്കാരനായി നിന്ന് 17 കാരന്റെ കുടുംബത്തിൽ നിന്ന് 3 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. അതേസമയം വ്യാജ റിപ്പോർട്ട് ചമച്ചെന്ന് തെളിഞ്ഞതോടെ പുണെയിലെ സസൂൺ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാർനോർ എന്നിവരെയാണ് പൂണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുയ.

ആശുപത്രിയിലെ ഫൊറൻസിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. സംഭവദിവസം കൗമാരക്കാരന്റെ പിതാവും തവാഡെയും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. രണ്ടു ഡോക്ടർമാരുടെയും ഫോൺ അന്വേഷണസംഘം പിടിച്ചെടുത്തു. മദ്യപിച്ചോയെന്നറിയാനുള്ള പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്നാണ് ഇവർ റിപ്പോർട്ട് നൽകിയത്. എന്നാൽ ബാറിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽ രാത്രിയിൽ 17-കാരൻ മദ്യപിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു.

മെയ് 19 ന് രാവിലെ 11 മണിയോടെ, സസൂൺ ആശുപത്രിയിൽ വച്ച് 17 കാരന്റെ രക്ത സാമ്പിൾ എടുത്തു. എന്നാൽ ഇതിന് പകരം മറ്റൊരാളുടെ രക്ത സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചത്. അന്വേഷണത്തിൽ, ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം എച്ച്ഒഡി അജയ് തവാഡെയുടെ നിർദ്ദേശപ്രകാരം ഡോ.ഹരി ഹാർനോർ സാമ്പിൾമാറ്റിയതായി വ്യക്തമായതായി പൊലീസ് കമ്മീഷണർ അമ്‌തേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 19-ന് പുലർച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എൻജിനീയർമാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. 17-കാരൻ 200 കിലോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എൻജിനീയർമാർ മരിക്കുകയായിരുന്നു. കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.