- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസ് വധത്തിന് ഒരു വർഷം: കുറ്റപത്രം നൽകിയിട്ടും ആർ.എസ്.എസ് - ബിജെപി പ്രവർത്തകരിൽ രണ്ട് പേർ ഇപ്പോഴും ഒളിവിൽ; കൊലപാതകത്തെ ചൊല്ലി ആർ.എസ്.എസും ബിജെപിയും തമ്മിൽ തർക്കവും; തലശേരി മേഖലയിൽ സമാധാനം ഉണ്ടാക്കാനുള്ള നയത്തിന് കൊലപാതകം വിഘാതമായതെന്ന് ആർഎസ്എസ് നിലപാട്
തലശേരി: കണ്ണൂർ ജില്ലയിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ ഒരു മത്സ്യ തൊഴിലാളിയുടെ ജീവൻ നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. കടലിൽ പോയി മത്സ്യബന്ധനം നടത്തി കുടുംബം നോക്കിയിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് കരയിലെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധ്വാനിച്ചു തല ചായ്ക്കാനായി വീട്ടിൽ പുലർകാലെയെത്തിയപ്പോൾ ഇരുട്ടിൽ പതിയിരുത്ത കൊലപാതക സംഘത്തിന്റെ കൊടും ക്രുരതയ്ക്കിരയായത്.
പുന്നേൽ ഹരിദാസ് വധം നടന്നിട്ട് ഒരു വർഷം തികയുമ്പോൾ കുറ്റാരോപിതരായ ആർ.എസ്.എസ്. - ബിജെപി പ്രവർത്തകരിൽ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. ഈ കൊലപാതകത്തെ ചൊല്ലി ആർ.എസ്.എസും ബിജെപിയും തമ്മിലുള്ള തർക്കങ്ങൾ ഇപ്പോഴും പുകയുകയാണ്. മത്സ്യ തൊഴിലാളിയായ ഹരിദാസന്റെ വധത്തിൽ മുഖ്യ ആസൂത്രകരെന്ന് അന്വേഷണ സംഘം കുറ്റപത്രം നൽകിയ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രജീഷ് എന്നിവരുടെ കേസുകളുടെ ധാർമ്മിക ഉത്തരവാദിത്വം ആർ.എസ്.എസ് നേതൃത്വം ഇനിയും ഏറ്റെടുത്തിട്ടില്ല. തലശേരി മേഖലയിൽ സമാധാനമുണ്ടാക്കുകയെന്ന തങ്ങളുടെ പ്രഖ്യാപിത നയത്തിന് എതിരായി പ്രവർത്തിച്ചതു കൊണ്ടാണ് ഇവരെ ആർ.എസ്.എസ് തള്ളി പറഞ്ഞത്.
ഉത്സവസ്ഥലത്തുണ്ടായ സംഘർഷത്തിനിടെയുണ്ടായ അനിഷ്ടകരമായ സംഭവത്തെ തുടർന്ന് നടന്ന കൊലപാതകം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന അഭിപ്രായം നേരത്തെ ആർ.എസ്.എസ് നേതൃത്വം പറഞ്ഞിരുന്നു. തുടക്കം മുതൽ ഹരിദാസ് വധത്തെ തള്ളി പറയുന്ന നിലപാടാണ് ആർ.എസ്.എസ് നേതൃത്വം സ്വീകരിച്ചു വന്നത്. ഈ നിലപാട് തലശേരി താലുക്കിൽ ബിജെപി- ആർ.എസ്.എസ് നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനും കാരണമായി. ഒടുവിൽ സമവായ ചർച്ചയെ തുടർന്ന് മറ്റു പ്രതികളുടെ കേസ് മാത്രം ആർ.എസ്.എസ് നേതൃത്വം ഏറ്റെടുക്കുകയും ബിജെപി നേതാക്കളുടെ കേസ് ഏറ്റെടുക്കാതിരിക്കുകയുമായിരുന്നു.
കേസിൽ ജാമ്യം ലഭിച്ച പത്തുപേരിൽ ഒരാൾ ബിജെപി മണ്ഡലം സെക്രട്ടറി പ്രജീഷാണ്. പ്രജീഷിനു വേണ്ടി ഹാജരായത് അഡ്വ. അംബികാസുതനാണ് മറ്റു പ്രവർത്തകരുടെ കേസിൽ ഹാജരായത് ആർ.എസ്.എസിനു വേണ്ടി സ്ഥിരമായി ഹാജരാവുന്ന അഡ്വ. പ്രേമരാജനാണ് മണ്ഡലം പ്രസിഡന്റ് കെ. ലിജേഷിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരി 21 നാണ് പുന്നേൽ താഴെ വയലിൽ ഹരിദാസൻ കൊല്ലപ്പെടുന്നത്.
കോടിയേരി പുന്നോൽ താഴെവയലിലെ കൊരമ്പയിൽ താഴെകുനിയിൽ വീട്ടിൽ ഹരിദാസനുമായി ഉത്സവ പറമ്പിലുണ്ടായ തർക്കമാണ് പിന്നീട് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം ഒരു വർഷം മുമ്പാണ് ഈ വീടിന്റെ താങ്ങും തണലുമായ മത്സ്യ തൊഴിലാളിയായ കെ ഹരിദാസനെ ബിജെപി- ആർ.എസ്.എസ് പ്രവർത്തകർ കാൽവെട്ടിമാറ്റി കൊന്നത്. ഭാര്യയും മക്കളും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ സങ്കടക്കടലിലാഴ്‌ത്തിയ വേർപാട് താങ്ങാൻ ഇന്നും ഈ കുടുംബത്തിനായിട്ടില്ല.
പതിവുപോലെ മീൻപിടിത്തം കഴിഞ്ഞ് 21ന് പുലർച്ചെ 1.20ന് വീട്ടുമുറ്റത്തെത്തിയപ്പോഴായിരുന്നു കൊലപാതകം. ഭാര്യ മിനിയുടെ കൈയിൽ മീൻ നൽകി കൈകഴുകുന്നതിനിടെ കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് ഹരിദാസനെ വെട്ടിനുറുക്കിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രീതീഷ് (മൾട്ടി പ്രജി) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 17 പ്രതികളിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. കൊലപാതകം നടന്ന് 88ാം ദിവസം അന്വേഷണസംഘം കോടതിയിൽകുറ്റപത്രം സമർപ്പിച്ചിരുന്നു. 3000 പേജുള്ള കുറ്റപത്രത്തിൽ 124 സാക്ഷികളുണ്ട്. മൊബൈൽഫോൺ സംഭാഷണവും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ വഴി തിരിവായത്.
ചിത്രാംഗിയും ഭാര്യ മിനിയുമാണ് കേസിലെ മുഖ്യ സാക്ഷികൾ. തലശേരി നഗരസഭ വാർഡ് കൗൺസിലർ കൂടിയായ ലിജേഷ് റിമാൻഡിലായതിനാൽ നഗരസഭാ കൗൺസിൽ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായി ആറ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. ഇതിനിടെ ഹരിദാസന്റെ ഒന്നാമത് രക്തസാക്ഷിത്വ വാർഷികദിനാചരണം സിപിഎം ആചരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ന് രക്തസാക്ഷി സ്മാരക സ്തൂപം സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അനാച്ഛാദനം ചെയ്തു.
തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. വൈകിട്ട് അഞ്ചിന് പുന്നോൽ കേന്ദ്രീകരിച്ച് ബഹുജനപ്രകടനം. താഴെവയലിൽ പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ദേശീയ നാടകോത്സവത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത സുനിൽ കാവുംഭാഗത്തെ ആദരിക്കും. രാത്രി പുന്നോൽ നാടക കൂട്ടത്തിന്റെ 'ഉരിയാട്ടം' നാടകവും അരങ്ങേറും.




