തൊടുപുഴ: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെട്ട അസം സ്വദേശി പരിമള്‍ സാഹുവിനെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. 2018 മാര്‍ച്ച് 19-നാണ് പുത്തന്‍വേലിക്കര സ്വദേശിനി മോളി പടയാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന്റെ ഔട്ട് ഹൗസില്‍ വാടകയ്ക്ക് താമസിച്ചിരുന്നയാളായിരുന്നു പരിമള്‍ സാഹു.

രാത്രി 11.45നും 1.35നും മധ്യേയാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നാണ് കേസ്. പ്രോസിക്യൂഷന്റെ വാദപ്രകാരം, മദ്യലഹരിയിലെത്തിയ പ്രതി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അവര്‍ എതിര്‍ത്തപ്പോള്‍ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, 2021 മാര്‍ച്ച് 8-ന് വിചാരണക്കോടതി പരിമള്‍ സാഹുവിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. തെളിവുകളുടെ അഭാവത്തിലാണ് നടപടി.

മോളിയുടെ വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളായിരുന്നു പ്രതിയായ പരിമള്‍ സാഹു. കോഴിക്കടയിലെ ഡ്രൈവറായിരുന്ന ഇയാള്‍, ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയുടെ വിശ്വസ്തനായിരുന്നു.