ബെല്‍ഗ്രേഡ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഷെഫ് അലക്‌സി സിമിന്‍ മരിച്ച നിലയില്‍. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളു.


യുക്രെയിന്‍ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട പുടിനെ നിശിതമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് റഷ്യന്‍ ടെലിവിഷന്‍ ഷെഫായ അലക്‌സി സിമിന്‍( 52). 2014 ല്‍ ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത പുടിന്റെ നടപടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് റഷ്യന്‍ ജനതയ്ക്ക് പ്രിയങ്കരനായ ഷെഫ് രാജ്യം വിട്ടത്. ലണ്ടനില്‍ ബിസിനസ് തുടങ്ങിയ അദ്ദേഹം അവിടെ പുതിയ വീട് വാങ്ങി താമസിച്ചു. എന്നിരുന്നാലും, റഷ്യയിലെ എന്‍ടിവിയുടെ പ്രശസ്ത പാചക പരിപാടിയുടെ അവതാരകനായി തുടര്‍ന്നു. 2022 ല്‍ റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടതോടെ ഷോ നിര്‍ത്തി വച്ചു.

ബ്രിട്ടന്‍ ആംഗ്ലോമാനിയയെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകം പ്രചരിപ്പിക്കാന്‍ ബെല്‍ഗ്രേഡില്‍ എത്തിയതായിരുന്നു സിമിന്‍. ഹോട്ടലിന്റെ സഹഉടമയായ കാതറിന ടെര്‍നോവ്‌സ്‌കായ ആകെ ഞെട്ടലിലാണ്. തന്റെ പുസ്തകം അവതരിപ്പിച്ച ശേഷം സിമിന്‍ വളരെ സന്തോഷവാനായിരുന്നു.

യുക്രെയിന്‍ യുദ്ധത്തിന്റെ കടുത്ത വിമര്‍ശകനായ സിമിന്‍ ഒരു യുദ്ധവിരുദ്ധ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് റഷ്യന്‍ കുക്കറി ഷോ നിര്‍ത്തി വച്ചത്. യുദ്ധം തുടങ്ങിയ സമയത്ത്, 'നമ്മുടെ സൈനികരെ വീട്ടിലേക്ക് മടക്കി കൊണ്ടുവരൂ, ഈ ഭ്രാന്ത് അവസാനിപ്പിക്കു, യുദ്ധം വെറും ചീട്ടുകളിയല്ല' എന്നിങ്ങനെ യുദ്ധ വിരുദ്ധ പ്രസ്താവനകള്‍ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

യുകെയിലേക്ക് കുടിയേറിയ ശേഷം അലക്‌സി സിമിന്‍ ഒരിക്കലും റഷ്യയിലേക്ക് തിരിച്ചുപോയിട്ടില്ല. യുക്രെയിനിലെ അഭയാര്‍ഥികള്‍ക്ക് പണം സംഭാവന ചെയ്ത താനും തന്റെ സെന്‍ട്രല്‍ ലണ്ടനിലെ റസ്റ്റോറന്റ് സിമയും നിരവധി ഭീഷണികള്‍ നേരിട്ടിരുന്നതായി അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.