കോഴിക്കോട്: പിവി അന്‍വര്‍ കൂടുതല്‍ കുരുക്കിലേക്ക്? പോലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്തെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിഐജി അന്വേഷിക്കും. ദേശീയ വിവരാവകാശ കൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി അറിയിച്ചു. അന്വേഷണ ഉത്തരവ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഇറക്കിയിട്ടുണ്ട്.

2024 സെപ്റ്റംബര്‍ ഒമ്പതിന് മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി രഹസ്യ സ്വഭാവത്തോടെ പോലീസ് രൂപീകരിച്ച അരിക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ അന്‍വര്‍ പുറത്ത് വിട്ടത്. സേനാംഗങ്ങളുടെ ജീവന് ഭീഷണിയായ തരത്തില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന അരിക്കോട് എസ്ഒജി സൂപ്രണ്ട് ടി. ഫറാഷ് മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയിലാണ് മഞ്ചേരി പോലീസ് കേസെടുത്തത്. ഔദ്യോഗിക സുരക്ഷ നിയമം, ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വകുപ്പുകളാണ് അന്‍വറിനെതിരേ ചുമത്തിയത്. അതേസമയം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ക്കൊണ്ട് അന്വേഷണം നടത്തി കേസ് അട്ടിമറിക്കുകയായിരുന്നു.

എസ്ഒജി ആസ്ഥാനത്തെ രഹസ്യ രേഖകളടക്കം അന്‍വറിന് നല്‍കിയതുമായി ബന്ധപ്പെട്ട് മലപ്പുറം മുന്‍ ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്റെ പങ്ക് അന്വേഷിക്കണമെന്ന് വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും കള്ളപ്പണ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും കെ.വി. ഷാജി ആവശ്യപ്പെട്ടു.