കോട്ടയം: കോട്ടയം ഗവ.നഴ്സിങ് കോളേജിലെ റാഗിങ് സംബന്ധിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ ജന്മദിനം ആഘോഷിച്ചത് വിവസ്ത്രനാക്കി ശരീരമാസകലം ക്രീം പുരട്ടി വായില്‍ ടൂത്ത്പേസ്റ്റ് കുത്തി നിറച്ചെന്ന സൂചനകളാണ് ചര്‍ച്ചയാകുന്നത്. ഇതിന് സംഘടനാ കരുത്തിലായിരുന്നു പ്രതികളുടെ ക്രൂരതകള്‍ എല്ലാം. എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ പുറത്തു പറഞ്ഞാല്‍ പിന്നെ മനസമാധാനത്തോടെ പഠനം നടക്കില്ല. അതുകൊണ്ട് തന്നെ എല്ലാം സഹിച്ച് ജൂനിയര്‍ കുട്ടികള്‍ അവിടെ തുടര്‍ന്നു. എല്ലാം വീഡിയോയില്‍ ചിത്രീകരിക്കുന്നതും സീനിയേഴ്‌സിന്റെ പതിവായിരുന്നു. നവംബര്‍ മുതലാണ് റാഗിങ്ങിന്റെ പേരില്‍ പീഡനം നടന്നത്. ആയുധം ഉപയോഗിച്ച് കുത്തി മുറിപ്പെടുത്തുക, ക്രൂര മര്‍ദനം, ഭീഷണിപ്പെടുത്തുക, 1998ലെ മൂന്നാം വകുപ്പ് റാഗിങ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും പ്രതികള്‍ക്ക് ലഭിക്കാം. കുറ്റകൃത്യം തെളിഞ്ഞാല്‍ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാനും വകുപ്പുണ്ട്.

ജന്മദിന ദിവസത്തില്‍ മുട്ടില്‍ നിര്‍ത്തി നൃത്തം ചെയ്യിച്ചും സീനിയേഴ്‌സ് ആഘോഷിച്ചു. ഇത് ജി.എന്‍.എം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെക്കൊണ്ടുതന്നെ മൊബൈലില്‍ ചിത്രീകരിപ്പിച്ചു. പലദിവസങ്ങളിലും മുറിയില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി മുട്ടില്‍നിര്‍ത്തി നൃത്തം ചെയ്യിച്ചെന്നും പാട്ടുകള്‍ പാടിച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും പോലീസിന് മുന്നിലേക്ക് എത്തുന്നില്ല. ചിത്രീകരിക്കുന്ന നഗ്നവീഡിയോകള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ വരുതിയില്‍ നിര്‍ത്തിയത്. പ്രതികളെ ഭയന്നാണ് രക്ഷിതാക്കളോടും കുട്ടികള്‍ പീഡനവിവരം പറയാതിരുന്നത്. ഒരു കുട്ടിയില്‍നിന്ന് മാസം മൂവായിരത്തിലധികം രൂപ ഭീഷണിപ്പെടുത്തി പിരിച്ചിരുന്നു. പണം നല്‍കിയില്ലങ്കില്‍ മര്‍ദ്ദിക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരാതിയായപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പീഡനവിവരം പുറത്തുപറയാതിരുന്നത് പ്രതികളുടെ രാഷ്ട്രീയസ്വാധീനം ഭയന്നാണെന്നും വ്യക്തം. നഴ്സിങ് വിദ്യാര്‍ഥികളുടെ ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ് പ്രതികളെല്ലാം. കോളേജിലെ ഇടതുസംഘടനയില്‍പ്പെട്ട ചില ജീവനക്കാരും പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. ഈ പിന്തുണയും പീഡനകര്‍ക്ക് കരുത്തായി. ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ മദ്യപാനവും ലഹരി ഉപയോഗവും പരസ്യമായ രഹസ്യമായിരുന്നു. മിക്ക ജീവനക്കാര്‍ക്കും എല്ലാം അറിയാം. ഹോസ്റ്റലില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാന്‍ കഴുത്ത് മുറിക്കുമെന്നും കോളേജിനകത്തും പുറത്തും തങ്ങളുടെ ആളുകളാണെന്നും പ്രതികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ പരാതിയായി പ്രിന്‍സിപ്പളിന് മുന്നിലെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായ റാഗിങ്ങാണ് വിദ്യാര്‍ഥികള്‍ നേരിട്ടത്. വിദ്യാര്‍ഥികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ഥികള്‍ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. വിദ്യാര്‍ഥികളുടെ കാലിലും മുറിവുകളിലും ലോഷന്‍ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേല്‍പ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മര്‍ദനം. നഗ്‌നരാക്കി നിര്‍ത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോള്‍ വായില്‍ ക്രീമും കലാമിന്‍ ലോഷനും ഒഴിച്ചെന്നും വിദ്യാര്‍ഥികള്‍ പരാതിയിലും പറഞ്ഞിരുന്നു.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവേല്‍(20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് വീട്ടില്‍ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില്‍ ജിത്ത്(20), മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ്(22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക്(21) എന്നിവരാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായി ഉപദ്രവിച്ചത്. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കോളേജിലും ഹോസ്റ്റല്‍ മുറിയിലും പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വഷണം നടത്തുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഹോസ്റ്റലിലെ ക്രൂര പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.