കോട്ടയം: നവവധുവിനെ മർദ്ദിച്ച പന്തീരാങ്കാവിലെ പ്രതിയ്‌ക്കെതിരെ കോട്ടയത്ത് നടന്ന വിവാഹ തട്ടിപ്പ് കേസും പൊലീസിന് അന്വേഷിക്കേണ്ടി വരും. കോട്ടയത്തെ യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു ഇത്. അതിന് ശേഷം ജർമനിയിലേക്ക് കൊണ്ടു പോകാനെന്ന് പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യിച്ചു. ഈ വിവാഹം സാധുവായതു കൊണ്ടാണ് ഗുരുവായൂരിൽ വച്ച് രണ്ടാം വിവാഹം രാഹുൽ നടത്തിയത്. ക്ഷേത്രത്തിലെ രജിസ്‌ട്രേഷനിലൂടെ വിവാഹം സാധുവാക്കാനുള്ള കുബുദ്ധിയായിരുന്നു ഇതിന് പിന്നിൽ.

കോട്ടയത്തെ വിവാഹ തട്ടിപ്പിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. എന്തുകൊണ്ടാണ് ഇതെന്ന് ഇനിയും വ്യക്തമല്ല. അതീവ ഗുരുതര സ്ഥിതി വിശേഷമാണ് കോട്ടയത്തെ കേസുണ്ടാക്കുന്നത്. ഇതിൽ ഈരാറ്റുപേട്ട പൊലീസിന് അന്വേഷണം നടത്താവുന്നതേയുള്ളൂ. അങ്ങനെ വന്നാൽ രാഹുലിനെതിരെ രണ്ടു കേസുകൾ വരും. ഇതോടെ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കുകയും എളുപ്പമാകും. എന്നാൽ ചില ഉന്നത കേന്ദ്രങ്ങൾ സമ്മർദ്ദവുമായി രംഗത്തുണ്ടെന്നാണ് സൂചന.

കോട്ടയത്തെ യുവതിയുമായുള്ള രജിസ്റ്റർ വിവാഹത്തിന് ശേഷം വിദേശത്ത് പോയ രാഹുലിന്റെ സ്വഭാവത്തിൽ വലിയ മാറ്റം കണ്ടു. ഇതോടെ വിവാഹത്തിൽ നിന്നും ആ കുടുംബം പിന്മാറി. രജിസ്റ്റർ ചെയ്തതിനാൽ വിവാഹത്തിൽ നിന്നും പിന്മാറാൻ രാഹുൽ വൻ തുക കുടുംബത്തിൽ നിന്നും ആവശ്യപ്പെട്ടു. രണ്ടു കുടുംബങ്ങളും ഒത്തു തീർപ്പിലെത്തി. പിന്നീട് കുടുംബ കോടതിയിൽ കേസും കൊടുത്തു. വിവാഹ മോചനത്തിനുള്ള നടപടികൾ കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും രാഹുൽ കല്യാണം കഴിച്ചത്. ഇത് നിയമ വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ പെൺകുട്ടിയുടെ കുടുംബവും പരാതി നൽകുന്നത്.

കൊച്ചി കുടുംബ കോടതിയിലെ നടപടിക്രമങ്ങൾ ഇനി കൂടുതൽ നിർണ്ണായകമാകും. വിവാഹ മോചനം നേടുന്നതിന് മുമ്പ് വീണ്ടും രാഹുൽ വിവാഹതനായത് കുടുംബ കോടതിയെ ഈരാറ്റുപേട്ടയിലെ കുടുംബവും അറിയിക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും സങ്കീർണ്ണതയിലേക്കാണ് രാഹുൽ പോകുന്നത്. ജർമൻ പൗരനാണെന്ന് പലരേയും രാഹുൽ പറഞ്ഞു പറ്റിച്ചതായും സൂചനകളുണ്ട്.

ഈരാറ്റുപേട്ട പൊലീസിലാണ് ഈരാറ്റുപേട്ടയിലെ യുവതിയും കുടുംബവും പരാതി നൽകിയത്. പരാതി പന്തീരങ്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്. താനുമായുള്ള വിവാഹം രജിസ്റ്റർചെയ്തത് മറച്ചുവച്ചാണ് രാഹുൽ പറവൂർ സ്വദേശിയായ പെൺകുട്ടിയെ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഒക്ടോബർ മാസത്തിലായിരുന്നു രാഹുലും ഈരാറ്റുപേട്ട സ്വദേശിയും തമ്മിലുള്ള വിവാഹം രജിസ്റ്റർചെയ്തത്. മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു രാഹുലിന്റെ വിവാഹാലോചന. തുടർന്ന് വിവാഹനിശ്ചയം നടത്തുകയും യുവതിയെ ജർമനിയിലേക്ക് കൊണ്ടുപോകാനായി വിവാഹം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

എന്നാൽ, രാഹുലിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കാരണം യുവതി പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറി. വിവാഹമോചനത്തിനുള്ള നടപടികളും ആരംഭിച്ചു. ഇത് പൂർത്തിയാകുംമുമ്പാണ് രാഹുൽ പറവൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം പന്തീരങ്കാവ് കേസിലെ വാർത്ത കണ്ടതോടെയാണ് രാഹുൽ വീണ്ടും വിവാഹംകഴിച്ച വിവരം ഈരാറ്റുപേട്ടയിലെ യുവതി അറിഞ്ഞത്. അതുകൊണ്ട് തന്നെ രാഹുലിന്റെ രണ്ടാം വിവാഹം എല്ലാ അർത്ഥത്തിലും തട്ടിപ്പാണ്.

ആദ്യ രജിസ്റ്റർ വിവാഹം രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും രണ്ടാം വിവാഹ തട്ടിപ്പിലും പങ്കാളിയാണ്.