തൃശൂർ: സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാധാന പ്രതിയെ മുംബൈയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്റെ നേർ ചിത്രം പൊലീസിന്റെ മുന്നിൽ ചുരുളഴിയും. ചിറയ്ക്കൽ കോട്ടത്ത് സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ(32) ആൾക്കൂട്ടമർദനത്തിലൂടെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ (34) കഴിഞ്ഞ ദിനസമാണ് മുംബൈ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് ചേർപ്പ് പൊലീസിന് കൈമാറിയത്. ർദനത്തിനുശേഷം നാട്ടിൽനിന്ന് ഒമാനിലേക്ക് പോയ രാഹുൽ തിരികെ മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു.

ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമാകും. കൊലപാതക്ത്തിന് പിന്നിൽ അവിഹിത സംശയമാണെന്ന് പൊലീസിന് പ്രാഥമിക വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഒന്നാം പ്രതി രാഹുലിന്റെ ചതിച്ച് വശത്താക്കിയ വിവാഹിതയെ തട്ടിയെടുത്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത എന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇത് കൃത്യമായി അറിയണമെങ്കിൽ രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യണം. നാളെ രാവിലെ ഇയാളെ ട്രെയിന്മാർഗം തൃശൂരിലെത്തിച്ച ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കും.

സഹറും രാഹുലും വിവാഹിതയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. വിവാഹിതയെ ആദ്യം ഭീഷണിയിലൂടെ വശത്താക്കിയത് രാഹുലാണ്. അതിന് ശേഷം അവരറിയാതെ അവരുടെ രഹസ്യ വീഡിയോ രാഹുൽ ചിത്രീകരിച്ചു. ഈ വീഡിയോ കാട്ടി ഈ യുവതിയെ ഭീഷണിപ്പെടുത്തി പലതും നേടി. അതിനിടെ മദ്യപാന സദസ്സിൽ കൂട്ടുകാരേയും ലഹരിക്ക് അടിമപ്പെട്ട് ഈ വീഡിയോ രാഹുൽ കാട്ടി. മദ്യപിച്ച് ബോധം പോയപ്പോൾ രാഹുലിന്റെ മൊബൈലിൽ നിന്നും ഈ വീഡിയോ ഒരു കൂട്ടുകാരൻ സ്വന്തമാക്കി. ഈ കൂട്ടുകാരനും ഈ വീഡിയോ കാട്ടി യുവതിയെ ബ്ലാക് മെയിൽ ചെയ്ത് പീഡിപ്പിച്ചു. ഇത് രാഹുൽ അറിഞ്ഞു. ഇതിന്റെ പകയാണ് സദാചാര ഗുണ്ടാ ആക്രമത്തിൽ കലാശിച്ചത്.

ഫെബ്രുവരി 18-ാം തീയതിയായിരുന്നു തിരുവാണിക്കാവിലെ ആക്രമണം. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു സഹർ. ഫെബ്രുവരി 18-ന് രാത്രി വിവാഹിതയുടെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം വീട്ടിൽനിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണി മുതൽ പുലർച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീഡിയോ ഉപയോഗിച്ചുള്ള ബ്ലാക് മെയിലിൽ വഞ്ചിക്കപ്പെട്ടെന്ന് രാഹുൽ മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹിതയുടെ വീട്ടിൽ ബ്ലാക്മെയിൽ ഭീഷണിയിൽ എത്തിയ സഹറിനെ രാഹുലും കൂട്ടുകാരും ആക്രമിക്കുകയായിരുന്നു.

അടി കിട്ടിയ സഹർ പൊലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നമായതെന്നായിരുന്നു സഹറിന്റെ മൊഴി. പൊലീസ് അന്വേഷണത്തിലാണ് സദാചാര ആക്രമണത്തിന്റെ സൂചനകൾ കിട്ടിയത്. സംഭവത്തിനുശേഷം പുലർച്ചെ തന്നെ സഹാർ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു. ക്രൂരമർദനമേറ്റ് അവശനായിരുന്ന യുവാവ് വീട്ടിലെത്തി കിടന്നെങ്കിലും വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചു. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. തുടർന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ വൃക്കകൾ ഉൾപ്പെടെ തകരാറിലായ യുവാവ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

ചികിത്സയിലിരിക്കെ മാർച്ച് ഏഴ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇതോടെയാണ് കേസ് പുതിയ തലത്തിലെത്തി. അക്രമത്തിൽ 21നാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ചിഞ്ചു എന്ന ആളിന്റെ പേരുമാത്രമാണുണ്ടായിരുന്നത്. 22ന് പ്രതികളെല്ലാം നാട്ടിലെ ഒരു കല്യാണത്തിൽ പങ്കെടുത്തു. അതിന് ശേഷം അവർ മുങ്ങി. മുഖ്യ പ്രതി രാഹുൽ ഒമാനിലേക്കാണ് കടന്നത്. ഇവിടെയാണ് ഇയാൾക്ക് ജോലി. സഹറുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞ രാഹുൽ വിവാഹിതയെ ചോദ്യം ചെയ്തു. അപ്പോഴാണ് വീഡിയോ കാട്ടിയുള്ള ബ്ലാക് മെയിൽ പീഡനം രാഹുൽ അറിയുന്നത്. ഇതോടെയാണ് സഹറിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

ഏത് ദിവസമാണ് സഹർ എത്തുന്നതെന്ന് മറ്റൊരു കൂട്ടുകാരനിൽ നിന്നും രാഹുൽ അറിഞ്ഞു. അതിന് ശേഷമാണ് സംഘം ചേർന്ന് കാത്തിരുന്നത്. പ്രതീക്ഷിച്ചതു പോലെ സഹർ എത്തുകയും ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് അവിടെ എത്തിച്ച് ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ വീട്ടിൽ നിന്ന് സഹറിനെ വിളിച്ചിറക്കുകയായിരുന്നു രാഹുൽ. സഹർ വീട്ടിലേക്ക് കയറിയതോടെ രാഹുലും സംഘവും എത്തി കതക് തട്ടി. യുവതി കതകു തുറന്നു. അവനെ പുറത്തേക്ക് ഇറക്കി വിടാൻ ആക്രോശിച്ചു. ഇതോടെ വെളിയിലേക്ക വന്ന സഹറിനെ ബലപ്രയോഗത്തിലൂടെ ക്ഷേത്ര പരിസരത്ത് എത്തിക്കുയായിരുന്നു. അതിന് ശേഷമായിരുന്നു ക്രൂര മർദ്ദനം. രാഹുലാണ് അതിക്രൂരമായി സഹറിനെ മർദ്ദിച്ചത്. വേലിപത്തൽ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചു. താഴെ വീണ സഹറിനെ അടിവയറ്റിൽ ക്രൂരമായി ചവിട്ടി. ഇതാണ് ആന്തരികാവയവങ്ങൾ തകരാറിലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

പരിക്കേറ്റ് ചികിത്സ തേടിയ യുവാവിൽനിന്ന് പൊലീസ് ആദ്യം മൊഴിയെടുത്തെങ്കിലും നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് യുവാവ് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരുസംഘം മർദിച്ചെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നടന്നത് സദാചാര ഗുണ്ടാ ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തായ യുവതിയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറംഗസംഘം മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. അർധരാത്രി 12 മണി മുതൽ പുലർച്ചെ നാലുമണിവരെ ആയുധങ്ങളടക്കം ഉപയോഗിച്ചാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെല്ലാം പ്രദേശത്തെ താമസക്കാരാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയിരുന്നു. പിന്നീട് പ്രതികളെ ഓരോരുത്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിന്റെ അറസ്റ്റോടെ മർദനത്തിൽ നേരിട്ട് പങ്കെടുത്ത 9 പ്രതികൾ പിടിയിലായിക്കഴിഞ്ഞു. ഗിഞ്ചു എന്ന പ്രതി കൂടി ഇനി അറസ്റ്റിലാവാനുണ്ട്. പൊലീസിന്റെ നിരന്തര സമ്മർദത്തിനൊടുവിലാണ് രാഹുൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയത്.