ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ഇടവേളയാണ്. രാഹുൽ ഗാന്ധിക്ക് കേംബ്രിഡ്ജ് സർവകലാശാലയിൽ രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ നടത്താനുള്ളതിനാലാണ് ഇടവേളയെന്നാണ് മുതിർന്ന നേതാവ് ജയ്‌റാം രമേശ് ഫെബ്രുവരി 21 ന് അറിയിച്ചത്. ഫെബ്രുവരി 27 നും 28 നും ഡൽഹിയിൽ രണ്ട് പ്രധാന യോഗങ്ങളിൽ പങ്കെടുക്കാനുണ്ടെന്നും പറഞ്ഞിരുന്നു.

കേംബ്രിഡ്ജ് സർവകലാശാലയുടെ ക്ഷണപ്രകാരമാണ് രാഹുൽ പ്രഭാഷണത്തിനായി പോകുന്നതെന്നാണ് അന്ന് ജയ്‌റാം രമേശ് പറഞ്ഞത്. എന്നാൽ, രാഹുൽ ഗാന്ധിക്ക് കേംബ്രിഡ്ജിൽ നിന്നും ക്ഷണം കിട്ടിയിരുന്നില്ലെന്നും, അതൊരു പെയ്ഡ് പരിപാടിയായിരുന്നുവെന്നും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ഓപ് ഇന്ത്യ പോർട്ടൽ അവകാശപ്പെട്ടു. തെളിവുകളും നിരത്തി.

കോൺഗ്രസ് നുണ പറയുന്നോ?

2024 ൽ രാഹുലിന് കേംബ്രിഡ്ജിൽ നിന്ന് പ്രഭാഷണത്തിനായി ക്ഷണം കിട്ടിയെന്ന് വിശ്വസിക്കുക പ്രയാസമാണെന്ന് ഓപ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കാരണം, രാഹുൽ ഗാന്ധിയെ പരാമർശിച്ച് കേംബ്രിഡ്ജ് സർവകലാശാല ഏറ്റവുമൊടുവിൽ ട്വീറ്റ് ചെയ്തത് 2022 മെയിലാണ്. ഡോ.ശ്രുതി കപിലയുമായി ഇന്ത്യ അറ്റ് 75 എന്ന വിഷയമാണ് 2022 ൽ രാഹുൽ സംസാരിച്ചത്. 2023 ഫെബ്രുവരിയിൽ രാഹുലുമായി ബന്ധപ്പെട്ട പരിപാടിയെ കുറിച്ച് കേംബ്രിഡ്ജ് സർവകലാശാല ജഡ്ജ് സ്‌കൂൾ ഓഫ് ബിസിനസും ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, 2024 ൽ കേംബ്രിഡ്ജ് സർവകലാശാലയോ, അനുബന്ധ കോളേജുകളോ അത്തരം ട്വീറ്റുകളൊന്നും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഓപ് ഇന്ത്യ പറയുന്നു. 'പുതിയ പ്രൊഫസർ പട്ടണത്തിൽ' എന്ന തലക്കെട്ടോടെ കോൺഗ്രസ് അനുഭാവിയായ ശന്തനു എക്‌സിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഓപ് ഇന്ത്യ വിശകലനം ചെയ്തത്. കേംബ്രിഡ്ജിലെ ജീസസ് കോളേജിലെ എലേന ഹാളിലാണ് രാഹുൽ ഗാന്ധി സംസാരിച്ചതെന്ന് ഓഫ് ഇന്ത്യ കണ്ടെത്തി. എന്നാൽ, ജീസസ് കോളജിന്റെ സമീപകാല പോസ്റ്റുകളിലൊന്നും രാഹുലിന്റെ വരവിനെ കുറിച്ച് പരാമർശമില്ല.

ഓപ് ഇന്ത്യയുടെ കൂടുതൽ അന്വേഷണത്തിൽ, ജീസസ് കോളേജ് മാനേജ്‌മെന്റ് തങ്ങളുടെ കോൺഫറൻസ് ഹാളുകൾ അടക്കമുള്ള സ്ഥലങ്ങൾ യോഗങ്ങൾക്കും, പരിപാടികൾക്കും, സംഘ വിരുന്നുകൾക്കും എല്ലാം പണം വാങ്ങി വാടകയ്ക്ക് നൽകുന്നുണ്ടെന്ന് മനസ്സിലായി. ജീസസ് കോളേജിലെ പരിപാടി ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് 2022 ലെ രാഹുലിന്റെ കേംബ്രിഡ്ജ് പരിപാടിയുടെ ചിത്രങ്ങൾ സഹിതം എക്‌സിൽ പോസ്റ്റ് ചെയ്തതായും ഓപ് ഇന്ത്യ ആരോപിച്ചു. പിന്നീട് സോഷ്യൽ മീഡിയ ഇത് പൊളിച്ചപ്പോൾ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിശദീകരണമോ ഖേദം പ്രകടിപ്പിക്കലോ കൂടാതെ ട്വീറ്റ് വേഗം നീക്കം ചെയ്തു.

ഇതിന് പിന്നാലെ ഓപ് ഇന്ത്യ ജീസസ് കോളേജിന് കത്തെഴുതി. കോളേജ് ഭരണൂടം രാഹുലിനെ ക്ഷണിച്ചിരുന്നോ, ആരായിരുന്നു സംഘാടകർ, എത്ര പേർ പങ്കെടുത്തു, എലേന ഹാൾ ബുക്ക് ചെയ്യാൻ സംഘാടകർ എത്ര തുക നൽകി, എന്നാണ് കോൺഫറൻസ് ഹാൾ ബുക്ക് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. മാർച്ച് 1, വെള്ളിയാഴ്ച കേംബ്രിഡ്ജിലെ ജീസസ് കോളേജ് വക്താവിന്റെ മറുപടി കിട്ടി.

എലേന ഹാളിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സംഘടിപ്പിച്ചത് പണം കൊടുത്തുള്ള പരിപാടിയായിരുന്നു. സർവകലാശാലയുടെ കോളേജ് ഭരണകൂടമല്ല പരിപാടി സംഘടിപ്പിച്ചത്. പുറത്തുനിന്നുള്ളവർ സംഘടിപ്പിച്ച വാണിജ്യ പരിപാടിയായിരുന്നു. കോളേജിന് പരിപാടിയുടെ സംഘാടനത്തിലോ പണം മുടക്കുന്നതിലോ ഒരുപങ്കും ഉണ്ടായിരുന്നില്ല. കേംബ്രിഡ്ജിൽ രാഹുലിനെ ഏതെങ്കിലും പ്രത്യേക പ്രഭാഷണത്തിന് അല്ല രാഹുലിനെ ക്ഷണിച്ചതെന്ന് വ്യക്തമായെന്ന് ഓപ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തി വച്ചത് കേംബ്രിഡ്ജിലെ അനുബന്ധ കോളേജിലെ പെയ്ഡ് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും ഓപ് ഇന്ത്യ പറഞ്ഞു