- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രാഹുലിന്റെ കൈവശം ഉണ്ടായിരുന്നത് സാംസങ് ഫ്ളിപ്പ് ഫോണ്‍; അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് ഐഫോണും; 'എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും' എന്ന നിലപാടില്‍ എസ്ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
'എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും' എന്ന നിലപാടില്‍ എസ്ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവല്ല: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നല്‍കാന്‍ രാഹുല്‍ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കി. തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം.
രാഹുലിന്റെ രണ്ടു ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍നിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോള്‍ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ഒരു ഐഫോണ്‍കൂടി ലഭിച്ചു.
രാഹുല്‍ താമസിച്ചിരുന്ന 2002-ാം നമ്പര്‍ മുറിയില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പേഴ്സണല്‍ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്വേഡും നല്‍കാന്‍ ഇതുവരെ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണുകളിലുണ്ടെന്നും എസ്ഐടി ഫോണുകള്‍ പരിശോധിച്ചാല്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനല്‍കാതിരിക്കാനുള്ള കാരണമായി രാഹുല്‍ എസ്ഐടിയോട് പറയുന്നതെന്നാണ് വിവരം.
അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുല്‍ എസ്ഐടിയോട് പറഞ്ഞിരിക്കുന്നത്. രാഹുലിന്റെ ലാപ്ടോപ്പിനായും അന്വേഷണം നടക്കുന്നുണ്ട്. ലാപ്ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുല്‍ നല്‍കിയിട്ടില്ല. അതിനാല്‍ ലാപ്ടോപ് എവിടെയെന്ന് കണ്ടെത്താന്‍ എസ്ഐടിക്കായിട്ടില്ല. ഒരുപക്ഷേ ലാപ്ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയില്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നത്.
രാഹുലിന്റെ ഫോണില്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ ഉള്ളതായി എസ്ഐടി സംശയിക്കുന്നുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കില്‍ രാഹുലിന്റെ ഫോണ്‍ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.
രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാനും എസ്ഐടി നീക്കമുണ്ട്. ഫോണില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേസിന് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകള്‍, സന്ദേശങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.
അതിനിടെ ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. 15 മിനിറ്റുനേരം തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പ് നടന്നു. ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുറി തിരിച്ചറിഞ്ഞ രാഹുല്‍ യുവതിയ്ക്കൊപ്പം ഒരു മണിക്കൂര്‍ ചിലവിട്ടെന്നു പറഞ്ഞു.
സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ വാദം. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി. സംഭവദിവസത്തെ രജിസ്റ്റര്‍ വിവരങ്ങള്‍ എസ്‌ഐടി സംഘം ശേഖരിച്ചു.
സംഭവദിവസം 408ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര് ഇതാണ്. അതേസമയം ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. 21 മാസം പിന്നിട്ടതിനാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാര്‍ഡ്ഡിസ്‌ക് പൊലീസ് കണ്ടെടുത്തു.
അടൂരിലെ വീട്ടിലേക്കും രാഹുലിനെ തെളിവെടുപ്പിനായി എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പിന് ഹോട്ടലിലേക്കു പോകുമ്പോള്‍ ചിരിച്ചുകയറിയ രാഹുല്‍ മ്ലാനമുഖത്തോടെയാണ് തിരിച്ചിറങ്ങിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.


