തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാർക്ക് കോടതി ജാമ്യം നൽകിയിരുന്നു. പത്തനംതിട്ടയിൽ എത്തിയാണ് കൺറ്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. അതിരഹസ്യ നീക്കമാണ് പൊലീസ് നടത്തിയത്. രാഹുലിനെ കോടതിയിൽ ഹാജരാക്കും. ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലാണ് സമരത്തിന്റെ പേരിൽ ഒരു യുവജന നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. മ്യൂസിയം പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ കേസിൽ അല്ല അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. എങ്കിലും നിരവധി ആശയക്കുഴപ്പം രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ട്. സമരങ്ങളുടെ പേരിൽ നിരവധി കേസുകൾ രാഹുലിനെതിരെ നിലവിലുണ്ട്. അവയിൽ പലതിലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ പ്രതികളാണ്. അതുകൊണ്ട് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് എന്തോ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ് സംശയിക്കുന്നു. പൊലീസോ സർക്കാരോ കൂടുതൽ വിശദീകരണം നൽകുന്നുമില്ല. ഏതായാലും അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും.

ഇടതു സർക്കാരിന്റെ കടുത്ത വിമർശകനാണ് രാഹുൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ ശേഷം നിരവധി സമരങ്ങൾക്കും നേതൃത്വം നൽകി. ഇതിന് മുന്നിൽ സർക്കാർ പകച്ചു പോവുകയും ചെയ്തു. നവകേരള സദസിനിടെ യൂത്ത് കോൺഗ്രസുകാരെ 'രക്ഷാ പ്രവർത്തനത്തിലൂടെ' തല്ലി ചതച്ച ഡി വൈ എഫ് ഐക്കാർക്കെതിരെ പൊലീസ് ജാമ്യമുള്ള കേസുകളാണ് പലയിടത്തും ചുമത്തിയത്. അവരെ അറസ്റ്റു ചെയ്യാൻ ശുഷ്‌കാന്തി കാട്ടിയുമില്ല. ഇതെല്ലാം വിമർശനമായി ഉയരുമ്പോഴാണ് രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നത്.

പൊലീസ് ഡ്യൂട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. കേസ് പോലും രജിസ്റ്റർ ചെയ്തില്ല. ഇതിനിടെയാണ് മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യുന്നത്. തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. പൊലീസുകാർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും പരാതിയിലുണ്ട്. ചിത്രങ്ങൾ പ്രചരിപ്പിച്ച പൊലീസുകാരനായ കിരൺ എസ് ദേവിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ് കിരൺദേവ്. പൊലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്. ഇത് രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്തിരുന്നു.

നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്. മന്ത്രി ഗണേശ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിനുതൊട്ടു പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു.

ഇയാള് അത് കേട്ടില്ല. പല പൊലീസുകാരും വാമൊഴിയായി പരാതിയും നൽകിയിരുന്നു. എന്നാൽ ഇയാൾ പോസ്റ്റ് റിമൂവ് ചെയ്യാൻ തയ്യാറായില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ നിയമനടപടിക്ക് പോകുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു.