- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കൊലപാതക കേസിൽ പ്രതിയാണോ ഞാൻ,
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ പൊലീസിന്റെ അസാധാരണ നടപടി. ഇന്ന് പുലർച്ചെ വീടുവളഞ്ഞു അറസ്റ്റു ചെയ്ത ഘട്ടത്തിൽ മുതൽ രാഹുലിനെ മാധ്യമങ്ങളോട് സംസാരിക്കാൻ പൊലീസ് അനുവദിച്ചില്ല. പലസ്ഥലത്തും ഇതിനെ ചൊല്ലി രാഹുലും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ കോർത്തു. വൈകുന്നേരം ജാമ്യം നിഷേധിക്കപ്പെട്ട ശേഷം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിന് ശേഷം പുറത്തിരങ്ങിയപ്പോഴും വാക്ക് തർക്കം ഉണ്ടായി.
മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ രാഹുലിനെ വേഗത്തിൽ കൊണ്ടപോകാനാണ് പൊലീസ് ശ്രമിച്ചത്. ഇതിനെ രാഹുൽ എതിർക്കുകയാണ് ഉണ്ടായത്. കൊലപതാക കേസിൽ പ്രതിയാണോ താൻ എന്നു ചോദിച്ചു രാഹുൽ പൊലീസിനോടു കയർത്തു. സിഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ പോലെ പെരുമാറുന്നു, ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഇതിന് പിന്നാലെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് പണിപ്പെട്ടാണ് രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോയത്.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളും പ്രവർത്തകരും പൂജപ്പരു ജയിലിൽ എത്തിയിരുന്നു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്ക് നടുവിലൂടെയാണ് രാഹുലിനെ പൂജപ്പുര ജയിലിൽ എത്തിച്ചത്. നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയിലും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം സെക്രട്ടേറിയറ്റ് സമരത്തിൽ മുന്നിൽ നിന്ന് നയിച്ചത് രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവാണെങ്കിലും അദ്ദേഹം സമരത്തിന് നേതൃത്വം നൽകി മുന്നിലുണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ രാഹുൽ പൊലീസുകാരുടെ കഴുത്തിലും ഷീൽഡിലും അടക്കം പിടിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോട്ടോകളും വിജിയോകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കി. നേതൃത്വം എന്ന നിലയിൽ അക്രമത്തിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഹുലിനുണ്ടായിരുന്നു. എന്നാൽ അത് ചെയ്തില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിലാണ് അറസ്റ്റ്. നിലവിൽ രാഹുലിനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോവുകയാണ് പൊലീസ്. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്. വൈദ്യ പരിശോധനയിൽ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ പൊലീസ് പറഞ്ഞു.
രാഹുലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. പ്രതിക്ക് ജാമ്യം നൽകണോ എന്ന വിഷയത്തിൽ, രണ്ടു മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുമ്പോൾ ഏറ്റവും അവസാനം പരിശോധന നടത്തിയ ഡോക്ടർ നൽകിയ റിപ്പോർട്ട് വേണം കോടതി പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. ഏറ്റവും അവസാനം ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങളില്ല എന്നായിരുന്നു റിപ്പോർട്ട്. ഇത് അംഗീകരിച്ച കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. പൊതുമുതൽ നശിപ്പിച്ചു. ഇതിനെല്ലാം തുടക്കം മുതൽ സ്ഥലത്തെത്തി നേതൃത്വം നൽകിയത് രാഹുൽ മാങ്കൂട്ടത്തിലാണ്. അക്രമങ്ങൾക്കും പൊതുമുതൽ നശീകരണത്തിനും നേരിട്ടും അല്ലാതെയുമുള്ള ഉത്തരവാദിത്തം സമരം നടത്തുന്നവർക്കുണ്ട്.
രാഹുൽ സമരത്തിന്റെ മുൻനിരയിൽനിന്ന് നേതൃത്വം നൽകുന്നതിന്റെയും സമരം അക്രമാസക്തമാകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി. പിരിഞ്ഞു പോയ പ്രവർത്തകരെ മടക്കി വിളിച്ച് രാഹുൽ വീണ്ടും ആക്രമണം നടത്തി. എല്ലാ ആക്രമങ്ങളും നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ട്. അതിക്രമങ്ങൾ തടയാൻ യാതൊരു ശ്രമവും നേതാവെന്ന നിലയിൽ നടത്തിയില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധമല്ല നടന്നത്, ആക്രമണമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് പ്രതിഭാഗം വാദിച്ചു. രാഹുൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല. രാഹുലിന് പൊലീസ് അറസ്റ്റു ചെയ്യുന്നതിനു മുൻപ് നോട്ടിസ് നൽകിയില്ല. പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് നോട്ടിസ് നൽകിയത്. മൂന്നു കേസുകൾ നിലനിൽക്കുമ്പോൾ ഒരു കേസിൽ മാത്രം അറസ്റ്റു ചെയ്യുന്നതിലൂടെ പൊലീസിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവർ എന്തിന് തടി കഷ്ണവുമായി വരണമെന്ന് കോടതി ചോദിച്ചു. തടി കഷ്ണം കൊണ്ടു വന്നതല്ലെന്നും സംഘർഷ സ്ഥലത്തെ ഫ്‌ളക്‌സ് ബോർഡിൽനിന്നും എടുത്തതാണെന്നും പ്രതിഭാഗം മറുപടി നൽകി. രാഹുൽ ഇന്നലെയാണ് ചികിൽസ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയതെന്നും അതിനാലാണ് ഇന്ന് അറസ്റ്റു ചെയ്തതെന്നും പൊലീസ് അറിയിച്ചു.
രാഹുലിന്റെ തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. രാഹുലിനു നിലവിൽ ശാരീരിക അവശത ഇല്ലെന്നും റിമാൻഡ് ചെയ്യുന്നതിന് അസുഖം തടസ്സമല്ലെന്നും പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു പറഞ്ഞു. തുടർന്ന് വിശദമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ജനറൽ ആശുപത്രിയിൽ പരിശോധിച്ചതിന്റെ രേഖകൾ വിലയിരുത്തിയ ശേഷമാണ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്.
രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ. രാവിലെ പത്തേകാലിന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു രജിസ്റ്ററിൽ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ രാഹുലിനോടു മാധ്യമ പ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.
രാവിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതു മുതൽ പൊലീസുമായി സഹകരിക്കുന്ന തന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്തിനാണെന്നു രാഹുൽ ചോദിച്ചു. വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് കോടതിയിൽ ഹജരാക്കിയത്.