കൊച്ചി: ഫുഡ് വേ്‌ലാഗർ രാഹുൽ എൻ. കുട്ടി(33)യെ കൊച്ചി മാടവന ഉദയത്തുംവാതിലിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോഴും കാരണം വ്യക്തമല്ല. പനങ്ങാട് പൊലീസ് രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തുക്കളെ ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം.

അമിത മദ്യപാനമോ പുകവലിയോ രാഹുലിന് ഇല്ല. എന്നാൽ വെള്ളിയാഴ്ച രാത്രി 11.30 വരെ കൊച്ചിയിലെ ഒരു ബാറിൽ കുറച്ചു പേർക്കൊപ്പം മദ്യപിക്കുന്നതു കണ്ടെന്നും അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. കൂട്ടുകാരോട് ആത്മഹത്യയെപ്പറ്റി സൂചന നൽകിയാണു പിരിഞ്ഞതെന്നും സൂചനയുണ്ട്. ബാറിൽനിന്ന് ഇറങ്ങിയശേഷം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ കൂട്ടുകാർ മാടവനയിലെത്തി രാഹുലിന്റെ അച്ഛന്റെ ഫോണിൽ വിളിച്ചു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും ഭാര്യയുടെ വീട്ടിലായിരുന്നു. കുടുംബപ്രശ്നങ്ങളില്ലെന്നു വീട്ടുകാർ പറഞ്ഞു.

കൊച്ചിയിലെ പുതിയ ഭക്ഷണ സംസ്‌കാരങ്ങൾ, വിഭവങ്ങൾ, ഹോട്ടലുകൾ എന്നിവ പരിചയപ്പെടുത്തുകയും ചർച്ചനടത്തുകയും ചെയ്യുന്ന കൂട്ടായ്മാണ് ഈറ്റ് കൊച്ചി ഈറ്റ്. മൂന്നുദിവസം മുമ്പ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ ഈറ്റ് കൊച്ചി ഈറ്റിന്റെ പേജുകളിൽ പങ്കുവച്ചിരുന്നു. 2015ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫേസ്‌ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫേസ്‌ബുക്ക് അനുവദിച്ചത്. നാലു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഈ കമ്മ്യൂണിറ്റിക്കുള്ളത്.

വളരെ പോസീറ്റാവിയൊരു സമീപനമുള്ളയാളായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും ഓർക്കുന്നു. ഒരുപക്ഷേ അതുതന്നെയാകാം രാഹുൽ ശ്രദ്ധേയനാകാനും ഫുഡ് വ്‌ളോഗർ എന്ന നിലയിലേക്ക് വിജയിച്ചുയരാനും കാരണമായതെന്നും സുഹൃത്തുക്കൾ പറയുന്നു. അധികം 'ഡ്രാമ' ചേർക്കാതെയുള്ള അവതരണവും, പതിഞ്ഞ സംസാരരീതിയും, അതേസമയം പ്രസരിപ്പുമെല്ലാം രാഹുലിന്റെ വീഡിയോകളെ വ്യത്യസ്തമാക്കി. പ്രേക്ഷകരുടെ അഭിരുചി അറിഞ്ഞും മനസിലാക്കിയും വീഡിയോ ചെയ്യുന്ന രീതിയായിരുന്നു രാഹുലിന്റേത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് രാഹുലിന്റെ ആത്മഹത്യ.

ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യുമെന്നത് വിശ്വസിക്കാനാകില്ലെന്നും ഏവരും ഒരേ സ്വരത്തിൽ പറയുന്നു. നിരവധി പേരാണ് രാഹുലിന് ആദരാഞ്ജലികൾ നേരുന്നതും ഞെട്ടൽ രേഖപ്പെടുത്തുന്നതും. പലരും അദ്ദേഹത്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്. ഇവരെ പോലുമോർക്കാതെ ആത്മഹത്യയിലേക്ക് പോകുവാൻ രാഹുലിനാകുമോ? അങ്ങനെയെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിനെ അതിലേക്ക് നയിച്ചത്? എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഫോളോവേഴ്‌സ് ഉന്നയിക്കുന്നത്. വിഷാദമോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രതിസന്ധിയോ ആയിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്.

ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വേ്‌ലാഗർ കൂട്ടായ്മയിലെ പ്രധാനിയായിരുന്നു രാഹുൽ. 2015 ൽ ആരംഭിച്ച ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വേ്‌ലാഗർ കൂട്ടായ്മയിൽ തുടക്കം മുതൽ രാഹുലുമുണ്ടായിരുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ വിളമ്പുന്ന ഹോട്ടലുകളുടെ വിവരങ്ങളാണ് പ്രധാനമായും വേ്‌ലാഗിലൂടെ പങ്കുവച്ചിരുന്നത്. മൂന്നിനു രാത്രി 12.30 നാണ് വീട്ടിൽ ഹാളിലെ മച്ചിൽ ബെഡ്ഷീറ്റ് ഉപയോഗിച്ചു തൂങ്ങിമരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനമ്പിള്ളി നഗറിൽ അടുത്തിടെ പാർട്ണർഷിപ്പിൽ രാഹുൽ കോഫി ഷോപ് തുടങ്ങിയിരുന്നു.

ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു.കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ 'ഓ കൊച്ചി'എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. ശ്രീപ്രിയയാണ് രാഹുലിന്റെ ഭാര്യ. മകൻ: ഇഷിത് (രണ്ട്).

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വസതിയിൽ കൊണ്ടുവന്നു. പൊതുദർശനത്തിനുശേഷം സംസ്‌കരിച്ചു. ഉദയത്തുംവാതിൽ കിഴക്കേ കിഴവന നാരായണൻ കുട്ടിയുടെയും ഷൈലജ മേനോന്റെയും മകനാണ്. സഹോദരൻ: രോഹിത് (ദുബായ്).