കൊച്ചി: ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം സാദാ ആത്മഹത്യയായി പൊലീസ് എഴുതി തള്ളിയേക്കും. രാഹുലിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതാകാം വിഷാദത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണം തുടരാനും ഇക്കാര്യത്തിൽ വ്യക്തത വരുത്താനുമാണ് തീരുമാനം. 

രാഹുലിനെ ആത്മഹത്യയിലേക്ക് നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാഹുൽ എൻ കുട്ടിയുടെ അച്ഛൻ, അമ്മ, ഭാര്യ അടുത്ത സുഹൃത്തുക്കൾ, ബിസിനസ് പാർട്ണേഴ്സ് എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. രാഹുലിന്റെ വീട്ടിലെത്തി ഇന്നലെയും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. രാഹുൽ എൻ.കുട്ടിയുടെ മരണം ആത്മഹത്യ തന്നെയെന്നു കേസ് അന്വേഷിക്കുന്ന പൊലീസ് പറയുമ്പോഴും അതിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം കുടുംബത്തിലെ ചിലരെങ്കിലും ഇപ്പോഴും ഉയർത്തുന്നു. കസ്റ്റഡിയിലെടുത്ത രാഹുലിന്റെ മൊബൈൽ പരിശോധന പൂർത്തിയാകുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്ന നിഗമനത്തിലാണു പനങ്ങാട് പൊലീസ്. അതിന് ശേഷം അന്തിമ നിലപാടിൽ എത്തും.

രാഹുലിന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മരണത്തിലെ അവ്യക്തതകൾ നീങ്ങണമെന്നാണു രാഹുലിന്റെ ബന്ധുക്കളുടെ ആവശ്യം. പനമ്പിള്ളി നഗറിൽ അടുത്തിടെ തുടങ്ങിയ കോഫി ഷോപ്പുമായി ബന്ധപ്പെട്ടു സാമ്പത്തികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തലേദിവസം രാത്രി കൊച്ചിയിലെ ഹോട്ടലിൽ കുറച്ചു പേരോടൊപ്പം കണ്ടതായും അദ്ദേഹം അസ്വസ്ഥനായിരുന്നെന്നും പറയുന്നു. ആത്മഹത്യയെപ്പറ്റി കൂട്ടുകാരോടു പറഞ്ഞതായും പൊലീസിന് സൂചന ലഭിച്ചു.ഹോട്ടലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ കൂട്ടുകാർ രാഹുലിന്റെ അച്ഛന്റെ ഫോണിൽ വിളിച്ചു. അദ്ദേഹം നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഭാര്യ ശ്രീപ്രിയയും രണ്ടുവയസ്സുള്ള മകൻ ഇഷിതും ശ്രീപ്രിയയുടെ വീട്ടിലായിരുന്നു. കുടുംബ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. പനമ്പിള്ളി നഗറിൽ അടുത്തിടെ പാർട്‌നർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെയാണ് രാഹുൽ എൻ കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്ളോഗർ എന്ന നിലയിൽ രാഹുലിനെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ. പുതു രുചികൾ പരീക്ഷിക്കാനും അവ പരിചയപ്പെടുത്താനുമുള്ള രാഹുലിന്റെ ആവേശമാണ് മലയാളികളെ രാഹുലിന്റെ വിഡിയോകളിലേക്ക് അടുപ്പിച്ചത്. മിതഭാഷിയായ വ്‌ളോഗർ. പൊടിപ്പും തൊങ്ങലുകളമില്ലാതെ ഭക്ഷണത്തെ കുറിച്ച് കേൾക്കുന്ന വ്യക്തിയെ കൊതിപ്പിച്ചുകൊണ്ടുള്ള അവതരണം. രാഹുലിനെ ഇഷ്ടപ്പെടാൻ ഈ അവതരണ ശൈലിയാണ് കാരണമായത്.

അമിത മദ്യപാനമോ പുകവലിയോ രാഹുലിന് ഇല്ല. എന്നാൽ വെള്ളിയാഴ്ച രാത്രി 11.30 വരെ കൊച്ചിയിലെ ഒരു ബാറിൽ കുറച്ചു പേർക്കൊപ്പം മദ്യപിക്കുന്നതു കണ്ടെന്നും അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. വളരെ പോസീറ്റാവിയൊരു സമീപനമുള്ളയാളായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും ഓർക്കുന്നു. ഒരുപക്ഷേ അതുതന്നെയാകാം രാഹുൽ ശ്രദ്ധേയനാകാനും ഫുഡ് വ്ളോഗർ എന്ന നിലയിലേക്ക് വിജയിച്ചുയരാനും കാരണമായതെന്നും സുഹൃത്തുക്കൾ പറയുന്നു. അധികം 'ഡ്രാമ' ചേർക്കാതെയുള്ള അവതരണവും, പതിഞ്ഞ സംസാരരീതിയും, അതേസമയം പ്രസരിപ്പുമെല്ലാം രാഹുലിന്റെ വീഡിയോകളെ വ്യത്യസ്തമാക്കി. പ്രേക്ഷകരുടെ അഭിരുചി അറിഞ്ഞും മനസിലാക്കിയും വീഡിയോ ചെയ്യുന്ന രീതിയായിരുന്നു രാഹുലിന്റേത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് രാഹുലിന്റെ ആത്മഹത്യ.

ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യുമെന്നത് വിശ്വസിക്കാനാകില്ലെന്നും ഏവരും ഒരേ സ്വരത്തിൽ പറയുന്നു. നിരവധി പേരാണ് രാഹുലിന് ആദരാഞ്ജലികൾ നേരുന്നതും ഞെട്ടൽ രേഖപ്പെടുത്തുന്നതും. പലരും അദ്ദേഹത്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്. ഇവരെ പോലുമോർക്കാതെ ആത്മഹത്യയിലേക്ക് പോകുവാൻ രാഹുലിനാകുമോ? അങ്ങനെയെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിനെ അതിലേക്ക് നയിച്ചത്? എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഫോളോവേഴ്സ് ഉന്നയിക്കുന്നത്. വിഷാദമോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രതിസന്ധിയോ ആയിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്.