കോഴിക്കോട് : പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടീസ് പുറത്തിറക്കുന്നത്. രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്‌നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പൊലീസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ താൻ വിദേശത്തേക്ക് കടന്നെന്ന വെളിപ്പെടുത്തലുമായി രാഹുൽ രംഗത്തു വന്നു. വിദേശത്തേക്കുകടന്നെന്ന സംശയത്തെത്തുടർന്നാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകിയത്. പ്രതി വിദേശത്തേക്കുപോയതായി ഇപ്പോഴും പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ താൻ സിങ്കപ്പൂരിലാണെന്നും തന്റെപേരിലുള്ള സ്ത്രീപീഡനപരാതി കെട്ടിച്ചമച്ചതാണെന്നും രാഹുൽ പ്രതികരിക്കുകയും ചെയ്തു. അതിനിടെ രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു. ഇവരും ഒളിവിൽ പോയെന്ന വിലയിരുത്തലുണ്ട്.

നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണു രാജ്യം വിടേണ്ടി വന്നതെന്നു സാമൂഹിക മാധ്യമ ലൈവിൽ രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടായെന്നും രാഹുൽ ആരോപിച്ചു. പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. 'പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണു മർദിച്ചത്. ഭാര്യയെ തല്ലിയെന്നൊരു തെറ്റ് എന്റെ ഭാഗത്തുണ്ടായി. എന്നാൽ സ്ത്രീധനം ചോദിച്ചിട്ടില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ. നാട്ടിൽ നിൽക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട ് പോകുമ്പോൾ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട ് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു-രാഹുൽ പറയുന്നു.

അവളെ തല്ലിയെന്നുള്ള തെറ്റ് ഞാൻ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്ായറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാർ ചോദിച്ചോ ആയിരുന്നില്ല. കൊണ്ടായിരുന്നില്ല. ജർമ്മനിയിൽ ജോലി ചെയ്യുന്ന എനിക്കെന്തിനാണ് നാട്ടിലൊരു കാർ? സ്വന്തമായുണ്ടായിരുന്ന ബൈക്ക് വിറ്റാണ് ഞാൻ തിരിച്ച് ഇങ്ങോട്ടേയ്ക്ക് വന്നത്.'- രാഹുൽ പറഞ്ഞു. കോഴിക്കോടുനിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണു സംശയിക്കുന്നത്. 13നു രാത്രി എട്ടുവരെ രാഹുൽ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സി.സി. ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു.

പ്രതി ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നുവെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് അറിഞ്ഞാണ് രാഹുൽ രക്ഷപ്പെട്ടത്. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നും ഇവർ ആരോപിച്ചിരുന്നു. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്റെ വെളിപ്പെടുത്തൽ. കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദ്ദിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.

സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നൽകിയിട്ടും ഗാർഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്‌ക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപ് അതായത് മെയ് 11ന് പന്തീരാങ്കാവിലെ വീട്ടിൽ ഭർത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തുന്നത്. വീട് കാണൽ ചടങ്ങിനെത്തിയ അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടതുകൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്നാണ് പെൺകുട്ടിയുടെ മൊഴി.

രാത്രി 1 മണിയോടെയാണ് മർദ്ദനം. പക്ഷെ വീട്ടിൽ അമ്മയും രാഹുലിൻർറെ സുഹൃത്തുമടക്കം ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല. 150 പവനും കാറുമായിരുന്നു ഭർത്താവിന്റെ ആവശ്യം. ഭർത്താവിന്റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടുന്നു. ഗാർഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.