- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുലിന്റെ അമ്മയും സഹോദരിയും
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ, രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവതിയെ അക്രമിച്ച സംഭവത്തിൽ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
യുവതി ആദ്യം നൽകിയ മൊഴിയിൽ തങ്ങൾക്കെതിരെ പരാതി ഇല്ലായിരുന്നും. പിന്നീട്, രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി തങ്ങൾക്കെതിരെ പരാതി നൽകിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. പന്തീരങ്കാവ് പൊലീസ് ഫോണിൽ നിരന്തരം വിളിച്ച് ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുവെന്നും അറസ്റ്റ് ചെയ്യാൻ പൊലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടിസ് നൽകും.
രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉഷാകുമാരിയെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുൽ ജർമനിയിലേക്ക് കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയെന്ന് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേ സമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 12ന് കേസെടുത്തശേഷം രാഹുലിനെ വിട്ടയച്ചപ്പോഴാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. നടപടിയുണ്ടാകാതിരുന്നതോടെ രാഹുൽ 14ന് ഒളിവിൽപോയി. ബെംഗളൂർവഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വിഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. രാഹുലിനെ ഒളിവിൽ പോകാൻ സഹായം നൽകിയതിന് സുഹൃത്ത് രാജേഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിലാക്കാനാണ് ശ്രമം. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.