ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ഗ്രാമത്തിൽ പ്രണയവിവാഹത്തെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തെത്തുടർന്ന് യുവാവിന്‍റെ മൂക്ക് മുറിക്കുകയും മറ്റൊരാളുടെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി നടന്ന ഈ സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബാർമർ സ്വദേശി ശ്രാവൺ സിംഗും ഒരു യുവതിയും തമ്മിലുള്ള പ്രണയവിവാഹമാണ് ഈ സംഘർഷങ്ങൾക്ക് കാരണമായത്. വിവാഹത്തെ യുവതിയുടെ വീട്ടുകാർ തുടക്കം മുതൽ എതിർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവതിയുടെ മൂത്ത സഹോദരന്‍റെ നേതൃത്വത്തിൽ യുവാവായ ശ്രാവൺ സിംഗിനെ ക്രൂരമായി മർദിക്കുകയും മൂക്ക് മുറിച്ചുമാറ്റുകയുമായിരുന്നു.

ഈ ആക്രമണത്തിന് പ്രതികാരമായി, ശ്രാവൺ സിംഗിന്റെ ബന്ധുക്കൾ യുവതിയുടെ വീട്ടിലെത്തി അവരുടെ അമ്മാവനെ മർദിച്ച് കാൽ തല്ലിയൊടിച്ചു.

പരിക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ സമീപത്തെ ഗൂഡൽമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ യുവാവിന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡിഎസ്പിയുടെയും ഗൂഡൽമണി പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടന്നു. ഇരുകൂട്ടരുടെയും പരാതികളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രണയവിവാഹത്തെച്ചൊല്ലിയുണ്ടായ ഈ കുടുംബകലഹം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.