- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാജേന്ദ്രന് പിന്നാലെ ബിന്ദുവിനും അമലിനും മരണം
തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതിയും മകനും മരിക്കുമ്പോൾ എല്ലാം രാജേന്ദ്രൻ നേരത്തെ ആലോചിച്ചുറപ്പിച്ചെന്ന സൂചന പുറത്ത്. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു, മകൻ അമൽ (17) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ രാജേന്ദ്രൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വ്യക്തമായ ഗൂഢാലോചന ഈ സംഭവത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.
മകൻ അമൽ ഇന്ന് രാവിലെയും ബിന്ദു ഉച്ചയോടെയുമാണ് മരണപ്പെട്ടത്.വർക്കല സ്വദേശി രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഇതോടെ കുടുംബത്തിലെ മൂന്ന് പേരും സംഭവത്തിൽ മരിച്ചു. ഭാര്യയും മകനും വീട്ടിലെത്തുമെന്ന് രാജേന്ദ്രൻ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ടിന്നർ അടക്കം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകൾ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. മകന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിനിടെ ബിന്ദുവും രാജേന്ദ്രനുമായി വഴക്കായി.
തർക്കത്തിനിടെ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകൾ വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. വീടിനും തീ പടർന്നിരുന്നു. തയ്യൽജോലിക്കാരിയായ ബിന്ദുവിന്റെ മെഷീനും മറ്റും വീട്ടിൽനിന്ന് എടുക്കാൻ അനുമതി തേടി അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. രാജേന്ദ്രൻ സമ്മതം നൽകിയതോടെയാണ് പൊലീസ് നിർദേശത്തോടെ മകന്റെ സുഹൃത്തുക്കളെയും കൂട്ടി ഭർതൃവീട്ടിലെത്തിയത്.
അതുകൊണ്ട് തന്നെ ഭാര്യ വീട്ടിലെത്തുമെന്ന് രാജേന്ദ്‌ന് അറിയാമായിരുന്നുവെന്നാണ് നാട്ടുകാരുടേയും നിഗമനം. അതുകൊണ്ടാണ് മൂന്ന് പേരെ കത്തിക്കാൻ പാകത്തിന് ടിന്നറും മറ്റും വീട്ടിൽ രാജേന്ദ്രൻ സൂക്ഷിച്ചതെന്നും നിഗമനമുണ്ട്. വർക്കല ഫയർ ഫോഴ്‌സും അയിരൂർ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും, പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ ടിന്നർ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധനകൾ നടക്കും. മകളുടെ മൊഴിയും കേസിൽ നിർണ്ണായകമാകും.