- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലുള്ള ചോക്ലേറ്റ് കമ്പനിയിൽ ജോലിയ ഉറപ്പ്; വിസിറ്റിങ് വിസയിൽ പോയാൽ എല്ലാം സഹോദരൻ ശരിയാക്കും; വാക്ക് വിശ്വസിച്ച് പണം നൽകിയവർ ഗൾഫിൽ പെരുവഴിയിലായി; ബന്ധുക്കളുടെ പരാതിയിൽ കുടുങ്ങിയത് പുന്നപ്രയിലെ രാജി മോൾ; ജോലി തട്ടിപ്പിൽ കുടുങ്ങിയത് നൂറോളം പേർ
അമ്പലപ്പുഴ: ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. ദുബായിലെ ബ്രിട്ടീഷ് കമ്പനിയായ ചോക്കോ വൈറ്റിൽ ജോലി വാഗ്ദാനം ചെയത് നൂറോളം പേരിൽ നിന്ന് 65000 രൂപ വീതം വാങ്ങിയെന്നാണ് പരാതി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ശരവണഭവനത്തിൽ ആർ.രാജി മോളാണ് (38) പിടിയിലായത്. പുന്നപ്ര ,വളഞ്ഞവഴി, കാക്കാഴം, അമ്പലപ്പുഴ, പല്ലന, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കള്ളിക്കാട്, വലിയഴീക്കൽ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പണം നഷ്ടപ്പെട്ടവർ. പണം നൽകിയവരിൽ 48 പേരെ വിസിറ്റിങ് വിസയിൽ കയറ്റി വിട്ടെങ്കിലും താമസസ്ഥലം പോലും ലഭിക്കാതെ ദുബായിൽ കഷ്ടപ്പെടുന്നതായാണ് പരാതി. ഇവരുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്താണ് അറസ്റ്റ്.
തന്റെ സഹോദരൻ വിഷ്ണു ദുബായിലുണ്ടെന്നും ഇയാൾ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്നതെന്നുമാണ് രാജി പണം നൽകിയവരോട് പറഞ്ഞിരുന്നത്. ദുബായിൽ ചെന്നവർ അന്വേഷിച്ചപ്പോൾ ചോക്കോ വൈറ്റ് എന്ന ഒരു കമ്പനി 2018 വരെ പ്രവർത്തിച്ചിരുന്നതായും പിന്നീട് പ്രവർത്തനം നിർത്തിയെന്നുമാണ് ലഭിച്ച വിവരം. വിസിറ്റിങ് വിസയിൽ ചെല്ലുന്നവരെ പല സ്ഥലങ്ങളിലെ ഏജന്റുമാർ മുഖേന ലോഡ്ജുകളിൽ മുറി ബുക്കു ചെയ്ത് താമസിപ്പിക്കും. ഏതാനും ദിവസങ്ങൾ മാത്രമേ താമസവും ഭക്ഷണവും ലഭിക്കുകയുള്ളൂ. പിന്നീട് മുറിയിൽ നിന്നും പുറത്താക്കും. ഇവർ നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്.
രാജിക്കു പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രാജിയുടെ ഭർത്താവും വിദേശത്താണ്. രാജി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. രാജിയുടെ ബാഗിൽ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളിൽ പലരിൽ നിന്നും വാങ്ങിയ തുകയാണിത്. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടക്കുന്നുണ്ട്.
വിദേശത്ത് എത്തിയവർ ജോലി ഇല്ലെന്ന് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതോടെയാണ് പണം നൽകിയ മറ്റുള്ളവരും വീട്ടമയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. രാജിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയ വിവരമറിഞ്ഞ് പണം കൊടുത്തവർ തടിച്ചുകൂടി. കഴിഞ്ഞ ദിവസം വാങ്ങിയ പണം തിരിച്ച് നൽകാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്നും വീട്ടമ്മ പറഞ്ഞിരുന്നു. പണം നൽകിയവർ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് വീട്ടമ്മയ്ക്കെതിരെ കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ