തിരുവല്ല: പതിനേഴു വർഷം മുൻപ് നാടു നടുക്കിയ, ഇപ്പോഴും നാട്ടിൽ സംസാര വിഷയമായ പുല്ലാട് രമാദേവി കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ഭർത്താവ് റിട്ട. പോസ്റ്റമാസ്റ്റർ ജനാർദനൻ നായർ അറസ്റ്റിലാകുമ്പോൾ അതിന് കാരണമായത് ഭാര്യയിലുണ്ടായിരുന്ന സംശയമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊലപ്പെടുത്തിയ രീതിയും അതിന് ശേഷം കുറ്റം മറയ്ക്കാൻ ഭർത്താവ് നടത്തിയ ശ്രമങ്ങളും അന്വേഷണ സംഘത്തെയും ഞെട്ടിച്ചു.

പുല്ലാട് വടക്കേ ചട്ടക്കുളത്ത് രമാദേവി(50)യെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ 17 വർഷത്തിന് ശേഷമാണ് ഭർത്താവ് ജനാർദനൻ നായർ (75) അറസ്റ്റിലാകുന്നത്. ഇയാളുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. പല ഘട്ടങ്ങളിലായി അന്വേഷണം വഴി തെറ്റിച്ച ജനാർദനൻ നായർ ഒടുവിൽ ശാസ്ത്രീയ തെളിവുകൾ കൂടി അടിസ്ഥാനമാക്കിയാണ് അറസ്റ്റിലായിട്ടുള്ളത്. വിവിധസംഘങ്ങളുടെ അന്വേഷണം സമർഥമായി വഴി തെറ്റിച്ച് വിടാൻ ഇയാൾക്ക് സാധിച്ചതാണ് യഥാർഥ പ്രതിയിലേക്ക് എത്താൻ തടസമായത്.

ചെങ്ങന്നൂർ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയിരിക്കേയാണ് ജനാർദ്ദനൻ നായർ കൊല നടത്തിയത്. 2006 മെയ് 26 ന് വൈകിട്ട് ആറിനും രാത്രി ഏഴിനും ഇടയിലായിരുന്നു കൊലപാതകം. രമാദേവിയെ വെട്ടേറ്റ് മരിച്ച നിലയിൽ ആദ്യം കണ്ടതും ജനാർദനൻ നായരാണെന്നായിരുന്നു പൊലീസിന് മൊഴി നൽകിയിരുന്നത്. കൊലപാതകത്തിന് ശേഷം പരിസര പ്രദേശത്ത് നിന്ന് അപ്രത്യക്ഷനായ കെട്ടിട നിർമ്മാണ തൊഴിലാളി ചുടല മുത്തു എന്ന തമിഴനെയാണ് ആദ്യം സംശയിച്ചിരുന്നത്. ആ വഴിക്ക് സംശയം തിരിച്ചു വിടാൻ ജനാർദനൻ നായർക്ക് കഴിഞ്ഞു. മാത്രവുമല്ല, തുടരന്വേഷണം ആവശ്യപ്പെട്ട് ഇയാൾ തന്നെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അതിനോടകം തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നിരന്തരമായ അന്വേഷണത്തിനൊടുവിൽ ചുടല മുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇരുവരും ഭയന്ന് നാടുവിട്ടതാണെന്നുള്ള മൊഴിയുടെ ഒടുവിലാണ് ജനാർദനൻനായർ കുടുങ്ങിയത്. തിരുവല്ല ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട,കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പി എൻ. രാജന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്‌പി കെ.ആർ. പ്രതീകിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ വിൽസൺ ജോയ്, എഎസ്ഐ ഷാനവാസ്, ഷിബു, നൗഷാദ്, അനുരാഗ് മുരളീധരൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

രമാദേവിയുടെ ചാരിത്ര്യം സംശയിച്ച് കൊലപാതകം

രമാദേവിയുടെ ചാരിത്ര്യം സംശയിച്ചുള്ളതായിരുന്നു കൊലപാതകം. 2006 മെയ്‌ 26 നാണ് രമ കൊല്ലപ്പെടുന്നത്. ഭാര്യ ക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്നുവെന്ന വിവരം പുറംലോകത്തെ അറിയിച്ചതും ജനാർദനൻ നായർ തന്നെയായിരുന്നു. പ്രാഥമികമായി കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ആദ്യം സംശയിച്ചതും ഇയാളെയായിരുന്നു. അവർ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതും ആ നിലയ്ക്ക് തന്നെയായിരുന്നു. നാിു വർഷത്തിന് ശേഷം ശാസ്ത്രീയ പരിശോധനാ ഫലം വന്നപ്പോൾ തന്നെ ഏറെക്കുറെ വ്യക്തവുമായിരുന്നു കാര്യങ്ങൾ. എന്നാൽ, ഇയാളുടെ സമർഥമായ ഇടപെടൽ അന്വേഷണ സംഘത്തെ വഴി തെറ്റിച്ചു.

26 ന് വൈകിട്ട് ആറിനും ഏഴിനുമിടയിലാണ് ജനാർദനൻ നായർ വീട്ടിലെത്തുന്നത്. അന്ന് ഉച്ചയ്ക്ക് ശേഷം രമാദേവി ഗീതജ്ഞാന യജ്ഞത്തിന് പോകുന്നതിന് തയ്യാറെടുത്തിരുന്നു. വീട്ടിലേക്ക് പലവട്ടം വിളിച്ച ഇയാൾ രമയോട് ഒരു കാരണവശാലും യജ്ഞത്തിന് പോകെണ്ടന്ന് നിർദ്ദേശം നൽകി. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഭാര്യയുമായി വഴക്ക് തുടങ്ങി. അത് പതിവായിരുന്നു. ഇന്ന് ആരാടീ ഇവിടെ വന്നത്? ആരൊക്കെ ഫോണിൽ വിളിച്ചു തുടങ്ങിയവയാണ് പതിവായ വഴക്കിനുള്ള കാരണങ്ങൾ. അയൽപക്കത്ത് കെട്ടിടം പണിക്ക് വന്നിരുന്ന തമിഴൻ ചുടല മുത്തുവിനെ ജനാർദനൻ നായർക്ക് സംശയമുണ്ടായിരുന്നു. അന്നും അതേച്ചൊല്ലി വഴക്കും അടിപിടിയുമായി. രണ്ടു പേരും പരസ്പരം തല്ലി. അടിപിടികൂടുന്നതിനിടെയാണ് രമാദേവി ഭർത്താവിന്റെ തലയുടെ ഇരുവശത്തുമായി ബലം പ്രയോഗിച്ച് പിടിച്ചത്. ഇങ്ങനെ പിടിച്ചപ്പോൾ പറിഞ്ഞു പോന്ന 40 മുടിയിഴകളാണ് അവരുടെ ഇരുകൈകളിലുമായി ഉണ്ടായിരുന്നത്. കൊലക്കേസിന് തുമ്പായതും ഈ മുടിയിഴകൾ തന്നെ.

സംശയരോഗം തീർത്ത പകയിൽ ജനാർദനൻ നായർ ഭാര്യയെ വെട്ടിക്കൊന്നു. എന്തോ വാശി പോലെയായിരുന്നു വെട്ട്. കഴുത്ത് അറ്റുപോകുന്നതിന് വക്കിലെത്തിയിരുന്നു മുറിവുകൾ. കൊലപാതകത്തിന് ശേഷം ഇവരുടെ രണ്ടു പവന്റെ മാലയും എടുത്തു മാറ്റി. മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ശരീരത്തുള്ള മറ്റ് ആഭരണങ്ങളിൽ തൊട്ടില്ല. വീട്ടിലെ അലമാരയിൽ 12 പവനും പണവും ഉണ്ടായിരുന്നു. മോഷണത്തിന് വന്നയാൾ ആണ് കൊന്നതെങ്കിൽ ഇതൊക്കെ എന്തു കൊണ്ടു തൊട്ടില്ലെന്ന ചോദ്യത്തിന് പലപ്പോഴും മറുപടി ഉണ്ടായിരുന്നില്ല.

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അന്നേ പറഞ്ഞു ഇതൊരു സംശയരോഗി നടത്തിയത്

രമാദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അന്നു തന്നെ കുറ്റവാളിയിലേക്കുള്ള സൂചന പൊലീസിന് കൊടുത്തിരുന്നു. സംശയരോഗം മുഴുത്ത ഭർത്താവ് തന്നെയാകാം കൊല നടത്തിയത്. സംശയരോഗം മൂർഛിച്ച്, കനത്ത പകയോടെയുള്ള വെട്ടുകളാണ് ശരീരത്തിലുള്ളത്. ആകസ്മികമോ പ്രഫഷണലോ ആയിട്ടുള്ള കൊലപാതകം ആണെങ്കിൽ മുറിവുകളുടെ സ്വഭാവം ഇതായിരിക്കില്ല. സംശയ രോഗത്താൽ ഉണ്ടായ പകയാണ് ഇത്രയും ഭീകരമായ കൊലപാതകത്തിന് കാരണം.

സംശയരോഗി ആയതിനാൽ കൊലപാതകത്തിൽ അയാൾക്ക് മനസ്താപവും ഉണ്ടായില്ല. ഇത്രയൊക്കെ തെളിവുകൾ കിട്ടിയിട്ടും നായർ താനല്ല കൊല നടത്തിയതെന്നും മറ്റാരോ ആണെന്നുമുള്ള നിലപാടിൽ ഉറച്ചു നിന്നു. ഭാര്യയെ തനിക്ക് സംശയം ഉണ്ടായിരുന്നുവെന്നുള്ള കാര്യം ഇയാൾ അന്വേഷണ സംഘത്തിന് മുൻപിൽ നിഷേധിച്ചില്ല. തുടക്കം മുതൽ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു. അതിനാൽ ഓരോ തവണയുമെടുക്കുന്ന മൊഴി പരമാവധി പഠിച്ച്, വിശകലനം ചെയ്ത് അതാത് സ്ഥലങ്ങളിൽ പോയി അന്വേഷിച്ചാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് പ്രതിയിലേക്ക് എത്തിയത്.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കഥ മെനയാനും അത് പറഞ്ഞ് പ്രതിഫലിപ്പിക്കാനും നായർക്ക് വലിയ കഴിവായിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് അറസ്റ്റ്. അതിനാൽ തന്നെ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പാണെന്ന് അന്വേഷണ സംഘം പറയുന്നു.

ചുടലമുത്തു എവിടെ?

ഈ കൊലപാതകത്തിന് തന്നെ കാരണക്കാരൻ പരോക്ഷമായി തമിഴ്‌നാട്ടുകാരൻ ചുടലമുത്തുവാണെന്ന് പറയാം. രമാദേവിയുടെ ചാരിത്ര്യം സംശയിച്ചിരുന്ന ജനാർദനൻ നായർക്ക് മുന്നിലേക്ക് ചുടലമുത്തു എത്തുന്നത് കെട്ടിടം പണിക്കാരൻ എന്ന നിലയിലാണ്. സമീപത്ത് വീടു നിർമ്മാണത്തിന് വന്നതായിരുന്നു ഇയാൾ.

കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീർക്കാനായിരുന്നു ജനാർദനൻ നായരുടെ ശ്രമം. ഈ സൂചനയാണ് ജനാർദനൻ നായർ ലോക്കൽ പൊലീസിനും നൽകിയത്. പൊലീസ് ചുടലമുത്തുവിനെ തേടി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ചെന്നു. ഇയാൾ മറ്റൊരു സ്ഥലത്തായിരുന്നു താമസം. 26 ന് വൈകിട്ടും 27 ന് ഉച്ച വരെയും അയാൾ താമസ സ്ഥലത്തുണ്ടായിരുന്നുവെന്നും 27 ന് രാവിലെ അയാൾ പത്തനംതിട്ട ജനറൽ ആശുപത്രി ഓ.പിയിൽ ഡോക്ടറെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. പൊലീസ് തന്നെ അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചുടലമുത്തു ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയും കൂട്ടി മുങ്ങി. നിലവിൽ അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ല. അന്വേഷണത്തിനിടെ അയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ നിന്ന് കണ്ടെത്തി. അവർക്കും അറിയില്ല ചുടലമുത്തു എവിടെയാണെന്ന്. അയാൾ കൂടെക്കൂട്ടിയ നിരവധി സ്ത്രീകളിൽ ഒന്നായിരുന്നു അവർ.

രമാദേവിയുടെ വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റർ മാറി ഒരു വീട്ടിലാണ് ചുടലമുത്തു താമസിച്ചിരുന്നത്. ഇയാളെ കുറിച്ച് നാട്ടിൽ പരാതികൾ ഏറെയായിരുന്നു. സ്ത്രീകൾ തനിച്ചുള്ള വീട്ടിൽ ഇയാൾ എത്തിനോക്കുകകയും ചുറ്റിപ്പറ്റി നിൽക്കുകയും പതിവായിരുന്നു. പകൽ സമയത്ത് വീട്ടിൽ രമാദേവി ഒറ്റയ്ക്കായിരുന്നു. ഈ സമയം നോക്കി ഇയാൾ ഇവിടെ കറങ്ങി നടക്കുകയും വെള്ളം ചോദിച്ച് എത്തുകയും ചെയ്തിരുന്നു. രമാദേവി വെള്ളം നൽകുന്നത് കണ്ട് ഒരിക്കൽ മകൾ തന്നെ ഇത്തരക്കാരെ വീട്ടിൽ കയറ്റരുതെന്ന് നിർദ്ദേശിച്ചു. ചുടലമുത്തു വീടിന് ചുറ്റും കറങ്ങി നടക്കുന്ന വിവരം ജനാർദനൻ നായരും അറിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇയാൾക്ക് ഭാര്യയുടെ മേൽ സംശയം വർധിച്ചു. താനില്ലാത്ത സമയം ഭാര്യയുമായി ചുടലമുത്തു ബന്ധമുണ്ടാക്കിയെന്ന് സംശയിച്ച് കൂടെക്കൂടെ ജോലി സ്ഥലത്തു നിന്ന് ഇയാൾ ഭാര്യയെ വിളിച്ചിരുന്നു. താനില്ലാത്തപ്പോൾ വീട്ടിലെ ലാൻഡ് ഫോണിൽ ആരൊക്കെ വിളിക്കുന്നുവെന്ന് അറിയാൻ കോളർ ഐ.ഡിയും സ്ഥാപിച്ചു. പ്രസവം നിർത്തിയ ഭാര്യയ്ക്ക് ട്യൂബ് പ്രഗ്‌നൻസി വന്നതിന് പിന്നാലെ ഇയാളുടെ സംശയം വർധിച്ചു. ചുടലമുത്തുവിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കും അടിയും പതിവായി. വഴക്കുണ്ടാക്കി ഭാര്യയ്ക്ക് അടിയും കൊടുത്ത് വീട്ടിൽ നിന്നിറങ്ങിപ്പോവുകയാണ് ജനാർദനൻ നായർ ചെയ്തിരുന്നത്.