- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരോണിന്റെ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; അസ്വാഭാവിക മരണത്തിൽ ഇട്ട എഫ് ഐ ആർ കൊലക്കേസായി; പ്രണയ ചതിയിലെ വിഷം കൊടുത്തു കൊല്ലൽ കേസ് തമിഴ്നാട്ടിലേക്ക് മാറ്റി യുവതിയെ രക്ഷിച്ചെടുക്കാനും നീക്കം; വിഷം കൊടുക്കൽ രാമവർമൻ ചിറയിലായതിനാൽ കേസെടുക്കാൻ പാറശ്ശാല പൊലീസിന് കഴിയുമോ? നിയമോപദേശം നിർണ്ണായകമാകും
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടി പൊലീസ്. കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തിൽ കലർത്തി നൽകിയത് തമിഴ്‌നാട്ടിലാണ്. അതുകൊണ്ട് തന്നെ കൃത്യം നടന്ന സ്ഥലം തമിഴ്‌നാടാണ്. കേരളാ പൊലീസിന് ഈ വിഷയത്തിൽ ഇടപെടൽ നടത്താനാകുമോ എന്നതാണ് ഉയരുന്ന സംശയം. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടിൽവച്ചാണ് കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത്. ഈ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലാണ്. തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. മലയാളികൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ്. കാരക്കോണം എന്ന സ്ഥലത്ത് റോഡിന്റെ ഒരു ഭാഗം കേരളവും മറു ഭാഗം തമിഴ്‌നാടുമാണ്. ഷാരോൺ കൊലക്കേസിൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും പാറശ്ശാല പൊലീസിലായിരുന്നു.
കേസിൽ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിൽ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്‌നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണസംഘം നിയമോപദേശം തേടിയത്. കേസിൽ തമിഴ്‌നാട് പൊലീസും കേരള പൊലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളാ പൊലീസിന് കേസ് അന്വേഷണത്തിന് കഴിയില്ലെന്ന വാദം പ്രതികൾ കോടതിയിൽ ഉന്നയിക്കാൻ സാധ്യത ഏറെയാണ്. ഇതെല്ലാം പരിഗണിച്ചാണ് നിയമോപദേശം തേടുന്നത്. നിയമോപദേശം എതിരായാൽ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറും.
എന്നാൽ പ്രശ്‌നമൊന്നുമില്ലെന്ന് നിയമവിദഗ്ദ്ധർ മറുനാടനോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. അസ്വാഭാവിക മരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ആദ്യ എഫ് ഐ ആറും കേസും വന്നത്. തുടരന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. അതു പോലെ പരാതിക്കാർ താമസിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളാ പൊലീസിന് കേസ് അന്വേഷിക്കാമെന്നും നിയമ വിദഗ്ദ്ധർ പറയുന്നു.
കഴിഞ്ഞദിവസം കേസിൽ പ്രതിചേർത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതിചേർത്തിരുന്നു. കഷായം നൽകിയ കുപ്പി ഉൾപ്പെടെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നായിരുന്നു അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും മൊഴി. ഇത് ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ