കോതമംഗലം: കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സാധ്യത മുതലെടുത്ത് അവര്‍ ഒളിവില്‍ പോയി. വീട് പൂട്ടിയാണ് അവര്‍ മുങ്ങിയത്. കോതമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതി പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസ് (24) ആണ്. വിദ്യാര്‍ഥിനിയും റമീസും പ്രണയത്തിലായിരുന്നു. ഈ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യക്കുറവുണ്ട്. ലൗ ജിഹാദ് ആരോപണത്തിലെ പ്രതിസന്ധിയും അതുണ്ടാക്കാവുന്ന മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കേരളാ പോലീസ് അന്വേഷിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിന് കാരണം.

പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ റമീസും വീട്ടുകാരും ഉപദ്രവിച്ചതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പും റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. വിദ്യാര്‍ഥിനിയുടെ മാതാവും സഹോദരനും നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്. ആത്മഹത്യപ്രേരണക്കുറ്റത്തിനും മര്‍ദനത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താകും കേസെടുക്കുക. ഇത് പൊതു സമൂഹത്തില്‍ ചര്‍ച്ചയായതോടെ ആ ഉമ്മയും ബാപ്പയും ഒളിവില്‍ പോയി. ഇതോടെ ഇവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ബന്ധുക്കളയേും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിന് നിര്‍ബന്ധിച്ചതും അപമാനിക്കപ്പെട്ടതുമാണ് ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കോതമംഗലം ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയ് എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ പ്രത്യേക ടീമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടത് ബിനാനിപുരം സ്റ്റേഷന്‍ പരിധിയിലായതുകൊണ്ട് അന്വേഷണ സംഘത്തില്‍ ബിനാനിപുരം എസ്എച്ച്ഒ വി.ആര്‍. സുനിലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റമീസിന്റെ ബന്ധുക്കളെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായിരുന്നു പദ്ധതി. ഇതിനിടെയാണ് അവര്‍ ഒളിവില്‍ പോയത്.

മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിട്ടുണ്ട്. ലൗ ജിഹാദിന്റെ പേരില്‍ ബലമായി മതം മാറാന്‍ നിര്‍ബന്ധിച്ചതിനു തെളിവുണ്ട്. വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സ്വദേശത്ത് വേരുകള്‍ ഉള്ളതുമായ മതതീവ്രവാദ, ഭീകര സംഘടനകളുടെ പങ്കാളിത്തത്തില്‍ സംശയമുള്ള സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കത്തിലുണ്ട്. തന്റെ മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണ്. ദുര്‍ബല വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളതെന്നും അമ്മ പറയുന്നു. ഇത് സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കുകയാണ്. ആദ്യമായാണ് ലൗ ജിഹാദ് ആരോപണം സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറുന്നത്. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം. മതം മാറിയശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ മകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. മതം മാറ്റാനായി റമീസിന്റെ പാനായിക്കുളത്തെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും മകളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് മാതാവ് ചൂണ്ടിക്കാട്ടി.

റമീസിന്റെ മാതാപിതാക്കള്‍ വീടു പൂട്ടി ഒളിവില്‍ പോയതായി പോലീസ് സമ്മതിക്കുന്നുണ്ട്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. റമീസിന്റെമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ ചുമത്താന്‍ കഴിയുമോയെന്നതില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിലെ തീരുമാനം.

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നപേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല. എന്നാല്‍ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റും ഉപയോഗിക്കുന്നതിനോ ആയിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുകയുള്ളൂ. അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.