ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ ബോംബ് സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈറ്റ്ഫീൽഡിലെ കഫേ പരിസരത്ത് ഒരുപുരുഷൻ ബാഗുമായി വരുന്നതിന്റെയു പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ കിട്ടി. ഇയാൾ സ്‌ഫോടനത്തിന് മുമ്പ് ബാഗ് കഫേയിൽ വച്ച് നടന്നുപോയി. സംശയിക്കുന്ന വ്യക്തിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തുവരുന്നു.

മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണടയും, മാസ്‌കും ധരിച്ചിരുന്നു. തലയിൽ തൊപ്പിയുണ്ടായിരുന്നു. കയ്യിൽ ഒരു പ്ലേറ്റ് ഇഡ്ഡലിയുമായി ഇയാൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ കിട്ടി. ഇയാൾ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങൾ കാണാം. ഇയാൾ പണമടച്ച് ടോക്കൺ എടുക്കുന്നതും ഭക്ഷണം കഴിച്ച ശേഷം പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 നും 1 മണിക്കും മധ്യേയാണ് സ്‌ഫോടനമുണ്ടായത്. 10 പേർക്ക് പരിക്കേറ്റിരുന്നു. യുഎപിഎയും സ്‌ഫോടക വസ്തു നിയമങ്ങൾ പ്രകാരം പൊലീസ് കേസെടുത്തു. എൻഐഎ സ്ഥലത്ത് ഉടൻ തന്നെ അന്വേഷണത്തിനായി എത്തി. സിബിഐയ്ക്കാണു കേസ് അന്വേഷണത്തിന്റെ ചുമതല. നിരവധി സംഘങ്ങളായി തിരിഞ്ഞു പ്രതിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കഫേ ഉടമ പറഞ്ഞത്

'സിസി ടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി ബാഗ് കഫേയിൽ ഉപേക്ഷിക്കുന്നതിന് മുമ്പ്, റവ ഇഡ്ഡലി വാങ്ങുന്നതായി കാണുന്നുണ്ട്. സ്‌ഫോടനം നടക്കുന്ന സമയത്ത് എന്റെ കൈയിൽ മൊബൈൽ ഉണ്ടായിരുന്നില്ല. അത് നോക്കിയപ്പോൾ ധാരാളം മിസ്ഡ് കോളുകൾ. കഫേയിലെ ടീമിനെ തിരിച്ചുവിളിച്ചപ്പോഴാണ് സ്‌ഫോടനം നടന്നതായി അറിഞ്ഞത്. ആദ്യം വിചാരിച്ചു അടുക്കളയിൽ എന്തെങ്കിലും പൊട്ടിത്തറിച്ചതാകാമെന്ന്. എന്നാൽ, അടുക്കളയിൽ ആർക്കും പരിക്കേൽക്കുകയോ, ഒന്നും സംഭവിക്കുകയോ ചെയ്തതായി കണ്ടില്ല, ഉടമ ദിവ്യ രാഘവേന്ദ്ര റാവു പറഞ്ഞു.

സിസി ടിവി ഫുട്ടേജ് നോക്കിയപ്പോഴാണ് മാസ്‌കും മഫ്‌ളറും ധരിച്ച വ്യക്തി ബില്ലിങ് കൗണ്ടറിൽ വന്ന് റവ ഇഡ്ഡലി ഓഡർ ചെയ്യുന്നത് കണ്ടത്. ഓഡർ കൊടുത്ത ശേഷം അയാൾ ഒരു മൂലയ്ക്കിരുന്നു. ഭക്ഷണം കഴിച്ച ശേഷം ബാഗ് മൂലയ്ക്ക് വച്ച്, കഫേ വിട്ടുപോയി. അതിന് ശേഷം കുറച്ചുകഴിഞ്ഞാണ് സ്‌ഫോടനം ഉണ്ടായത്. ഭാഗ്യത്തിന് സ്‌ഫോടനം നടന്ന സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകൾ ഒന്നും ഉണ്ടായിരുന്നില്ല, റാവു പറഞ്ഞു.

വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്‌ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി.

സ്‌ഫോടനത്തിന് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിദഗ്ദ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. 2022 നവംബറിൽ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ പ്രഷർകുക്കർ ബോംബ് പൊട്ടിയിരുന്നു.

രാമേശ്വരം കഫേ എന്റെ കുഞ്ഞ്

താൻ അടുത്തിടെയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ദിവ്യ രാഘവേന്ദ്ര റാവു പറഞ്ഞു. തനിക്ക് നവജാതശിശുവിനും രാമേശ്വരം കഫേയും ഒരുപോലെയാണ്. എന്റെ ബിസിനസാണ് എന്റെ കുഞ്ഞ്. ഔട്ട്്‌ലറ്റിനുണ്ടായ തകർച്ച എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. രാമേശ്വരം കഫേ അധികം വൈകാതെ മടങ്ങി എത്തുമെന്നും അവർ ഭക്ഷണപ്രിയർക്ക് ഉറപ്പുനൽകി. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ വൈറ്റ് ഫീൽഡ് ഔട്ട്‌ലെറ്റ് പ്രവർത്തനം പുനരാരംഭിക്കും. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സഹായിക്കുമെന്നും അവർ അറിയിച്ചു. ആർക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റവർ 15-30 ദിവസത്തിനകം സുഖം പ്രാപിക്കും, റാവു പറഞ്ഞു.