- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാമേശ്വം കഫേ സ്ഫോടനക്കേസ് പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്തുവന്നു
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ ബോംബ് സ്‌ഫോടനത്തിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്തുവന്നു. പ്രതി ബസിൽ മാസ്‌കോ, തൊപ്പിയോ ഇല്ലാതെ ഇരിക്കുന്ന ചിത്രമാണ് ഒരെണ്ണം. മറ്റൊരു ബസിൽ മാസ്‌കും തൊപ്പിയും വച്ചിരിക്കുന്നതാണ്.
കേസ് അന്വേഷണത്തിൽ, നിർണായക തുമ്പ് കിട്ടിയെന്ന് കർണാടക ആഭ്യന്ത്ര മന്ത്രി ജി പരമേശ്വര റാവും ഇന്നലെ പറഞ്ഞിരുന്നു. സ്‌ഫോടന സ്ഥലത്തിനോട് അടുത്തുള്ള പള്ളിയുടെ സമീപത്ത് നിന്ന് പ്രതിയുടെ പത്ത് എന്നെഴുതിയ ബേസ് ബോൾ ക്യാപ് എൻഐഎ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിന് ശേഷം ഇയാൾ വസ്ത്രം മാറ്റിയെന്നും വ്യക്തമായി. ആളെ തിരിച്ചറിയാതിരിക്കാനുള്ള ശ്രമമായിരുന്നു അത്.
നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. രാമേശ്വരം കഫേയിൽ നിന്ന് തിരികെ പോകുന്ന വഴിയിൽ ഇയാൾ ഒരു ആരാധനാലയത്തിൽ കയറിയിട്ടുണ്ട്. ബോംബ് ഉള്ള ടിഫിൻ ക്യാരിയർ രാമേശ്വരം കഫേയിൽ വച്ച ശേഷം ഇയാൾ തിരികെ പോകാൻ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോംബ് സ്‌ഫോടനം നടത്തിയ ശേഷം പ്രതി ബെംഗളുവിൽ നിന്ന് തുമകുരുവിലേക്കും, അവിടെ നിന്ന് ബെല്ലാരിയിലേക്കും പോയതായി വിവരം കിട്ടി. പിന്നീട് തീരദേശ കർണാടകയിലെ ഗോകർണ നഗരത്തിലേക്കുള്ള ബസിൽ കയറി. ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ പട്ടണത്തിൽ ഇയാൾ എത്തിയതായും, അവിടെ നിന്ന് വിദേശ രാജ്യത്തേക്ക് കടന്നേക്കാമെന്നും സംശയിക്കുന്നു.
സിസി ടിവി ദൃശ്യങ്ങളിൽ ഇയാൾ കഫേയിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് വരുന്നതും രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഭട്കലിൽ നേരത്തെയും പല തീവ്രവാദ പ്രവർത്തനങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ സ്ലീപ്പർ സെല്ലുകൾ ഇയാൾക്ക് സഹായം നൽകുന്നുണ്ടാകുമെന്നും എൻഐഎ കരുതുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകണമെന്ന് എൻഐഎ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.