- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിശുമാല തന്റെ കഴുത്തിൽ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി; പെരുമ്പാവൂരിലെ വീട്ടിലും കോവളം ഗസ്റ്റ്ഹൗസിൽ കൊണ്ടുപോയും ഏൽദോസ് പീഡിപ്പിച്ചു; എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചെങ്കിലും പോയില്ല; എംഎൽഎയെ കുരുക്കി യുവതിയുടെ മൊഴി
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി നൽകിയിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവെങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നു പരാതിക്കാരി വ്യക്തമാക്കി. ഈ കേസിൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
എംഎൽഎയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കഴിഞ്ഞ ജൂലൈ മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. എംഎൽഎയുടെ കഴുത്തിലെ കുരിശുമാല തന്റെ കഴുത്തിൽ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി, പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും യുവതി പൊലീസിൽ മൊഴി നൽകി.
നാളെ എൽദോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. പരാതിക്കാരി കൈമാറിയ ഫോണുകൾ പൊലീസ് സൈബർ പരിശോധനക്ക് നൽകും. അതേസമയം, ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്ക് മുറുകുകയാണ്. തട്ടിക്കൊണ്ട് പോയി ദേഹോപദ്രവും ഏല്പിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ആദ്യ കേസ്. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് യുവതിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ബലാത്സംഗക്കുറ്റവും ചുമത്തിയത്.
യുവതിയുടെ കൈവശമുള്ള മൊബൈൽ ഫോൺ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന വിവരം നേരത്തെ യുവതി മജിസ്‌ട്രേറ്റിനും മൊഴിയായി നൽകിയിരുന്നു. എംഎൽഎയുടെ ഫോൺ തട്ടിയെടുത്ത് യുവതി ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് ഏൽദോസിന്റെ ഭാര്യ പൊലീസിന് നൽകിയ പരാതി. യുവതി കൈമാറുന്ന ഫോണുകളിൽ എംൽഎയുടെ ഫോണും ഉണ്ടോ എന്നത് നിർണ്ണായകമാണ്. എംഎൽഎയുടെ മുൻകൂർ ജാമ്യേപക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്തിയത്. ഒളിവിലുള്ള എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എംഎൽഎക്കെതിരെ ബലാത്സംഗക്കേസ് എടുത്ത കാര്യം സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
എംഎൽഎക്കെതിരായ യുവതിയുടെ പരാതി കഴിഞ്ഞ മാസം 29ന് കൈമാറിയിട്ടും കോവളം എസ് എച്ച് ഒ കേസ് എടുക്കാൻ വൈകിയത് ഗുരുതര വീഴ്ചയാണെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. പരാതി നൽകി പതിനാല് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. കഴിഞ്ഞ മാസം പതിനാലിന് കോവളത്ത് വെച്ച് എംഎൽഎ യുവതിയെ മർദ്ദിച്ചപ്പോൾ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആ സമയത്തും കേസെടുക്കാത്തും വീഴ്ചയായെന്നാണ് കണ്ടെത്തൽ. നാല് തവണ പരാതിക്കാരി സ്റ്റേഷനിൽ എത്തിയിട്ടും കേസെടുത്തില്ലെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കോവളം എസ് എച്ച് ഒയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം കേസിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ കെപിസിസി. നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തെറ്റായ നടപടികളും കോൺഗ്രസ് വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണ് അന്വേഷണ കമ്മിഷൻ വേണ്ടെന്ന് പാർട്ടി തീരുമാനിച്ചതെന്നും സതീശൻ പറഞ്ഞു. എൽദോസിന്റെ വിശദീകരണം തേടേണ്ട മര്യാദയുണ്ട്. ഇത് സംബന്ധിച്ച് മറ്റ് ചില വാർത്തകളും വരുന്നുണ്ട്. സ്വാഭാവികനീതിയെന്ന നിലയിൽ മാത്രമാണ് ആരോപണവിധേയനിൽനിന്നും വിശദീകരണം തേടുന്നത്. പ്രത്യേകിച്ച് ഇത്തരം കേസുകളിൽ സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് നടപടി എടുക്കുന്നത് അനൗചിത്യമാണ്. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി. അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ