കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്‌പിയുടെ ഓഫിസിലെ വനിതാ സെല്ലിലാണ് ഡോക്ടർ മൊഴി നൽകിയത്. തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കായിരുന്നു അന്വേഷണച്ചുമതല.

വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്‌പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകിയത്. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം.

അതേസമയം കേസിൽ സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വ്യാജരേഖ കോടതിയിൽ ഹാജരാക്കിയെന്ന കാരണത്താലണ് സൈജുവിന്റെ ജാമ്യം കോടതി റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ സൈജുവിനെ കസറ്റഡിയിലെടുത്ത് ബന്ധപ്പെട്ട കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കോടതി ജാമ്യം അനുവദിച്ച കാലാവധിയിൽ രണ്ടുക്രിമിനൽ കേസുകളിൽ കൂടി എ വി സൈജു ഉൾപ്പെട്ടിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ക്രൈംബ്രാഞ്ച് സൈജുവിനെ അറസ്റ്റു ചെയ്യാനിരിക്കവേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.