പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വർഷം നിരന്തരമായി പീഡിപ്പിച്ച് നാടു വിട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത് ഭവനം അജിത് (22) ആണ് കൊടുമൺ സ്റ്റേഷനിൽ അറസ്റ്റിലായത്. 2019 സെപ്റ്റംബർ മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കാലയളവിലാണ് വീട്ടിൽ കയറിയും പല സ്ഥലങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചത്.

കഴിഞ്ഞ മാസം 24 നാണ് ഇതു സംബന്ധിച്ച പരാതി കൊടുമൺ പൊലീസിൽ ലഭിച്ചത്. ഇതിനോടകം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉദുമൽ പേട്ടയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ആദ്യം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലതവണ ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയുമുണ്ടായി.

അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 164 സിആർപിസി പ്രകാരമുള്ള ഇരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് സി പി ഒ മാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ജയകൃഷ്ണൻ, ബിജു, അജിത് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.