മല്ലപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടി നാടുവിടുകയും ചെയ്ത യുവാവ് ആറു വർഷത്തിന് ശേഷം മുംബൈയിൽ നിന്ന് പിടിയിലായി. കോട്ടാങ്ങൽ സുബാഷ് കോളനി പൊടിപ്പാറ വീട്ടിൽ പി.എം. റഹിം (44) ആണ് മുംബൈ സഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 2017 ജൂലൈയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. 2019 ഡിസംബർ എട്ടിനാണ് യുവതി പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അന്നത്തെ എസ്‌ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ സുരേഷിന് അന്വേഷണം കൈമാറി.

ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സുരേഷ് സ്ഥലം മാറിപ്പോയതിനാൽ പിന്നീട് ചാർജ് എടുത്ത പൊലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ള പ്രതിയെ മാർച്ച് 31 ന് മുംബൈ സഹർ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ വിഭാഗം അധികൃതർ തടഞ്ഞുവച്ചതായി അറിയിപ്പ് കിട്ടിയതനുസരിച്ച്, വെച്ചൂച്ചിറ പൊലീസ് അവിടെയെത്തി.

സഹർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം ഇന്ന് പുലർച്ചെ 2.30 ന് വെച്ചൂച്ചിറ സ്റ്റേഷനിൽ എത്തിക്കുകയും, പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആയതിനാൽ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. ഇരയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.

ഇയാളുടെ പാസ്പോർട്ടും മൊബൈൽ ഫോണും പിടിച്ചെടുത്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയിൽ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.