അടൂർ: പ്രണയം നടിച്ച് പതിനേഴുകാരിയെ പല തവണ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതിൽ സുധി (21)യാണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പ് പരിചയപ്പെട്ട പെൺകുട്ടിയാണ് ഇര.

ആദ്യം ഇരുവരും പ്രണയത്തിലായി. പിന്നീട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ഡിസംബർ അവസാന ആഴ്ചയിലൊരു ദിവസം ഉച്ചയ്ക്ക് ഇയാളുടെ വീടിനടുത്തുള്ള ഷെഡിൽ വച്ചും ബലാൽസംഗം ചെയ്തു. കഴിഞ്ഞ ഏപ്രിൽ 19 ന് പെൺകുട്ടിയും ബന്ധുവായ യുവാവും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോ ഫോണിൽ കണ്ട് പ്രകോപിതനായി കുട്ടിയെ മർദ്ദിക്കുകയും ഫോൺ എറിഞ്ഞുടക്കുകയും ചെയ്തു. തുടർന്ന് തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി കോട്ടയത്ത് എത്തിച്ച് ലോഡ്ജിൽ വച്ച് പിറ്റേന്ന് രാത്രി വരെ പല തവണ പീഡിപ്പിച്ചു.

ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നുള്ള വിവരമനുസരിച്ച് വനിതാ പൊലീസ് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിലെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്ക് ശേഷം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നു കോട്ടയം കാണക്കാരിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടിൽ രേഖപ്പെടുത്തി. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു.

ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൊബൈൽ ഫോണും മറ്റും പൊലീസ് പിടിച്ചെടുത്തു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനയച്ചു. ഇയാളുടെ മോട്ടോർ സൈക്കിൾ കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.