തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗ കേസ് ചുമത്തി. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി. എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കും.

അദ്ധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ഇന്ന് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്ത കാര്യം പൊലീസ് കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം എംഎൽഎയ്ക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്.

കേസൊതുക്കാൻ തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരിയായ അദ്ധ്യാപിക വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മജിസ്ട്‌റേറ്റ് മുമ്പാകെയും പൊലീസിലും നൽകിയ പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നെന്നാണ് അവർ പറയുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ കോവളം സിഐയും ചില കോൺഗ്രസ് നേതാക്കളും എൽദോസിന്റെ സുഹൃത്തുക്കളും തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന അവരുടെ വെളിപ്പെടുത്തലിൽ ഉടനടി നടപടിയായിട്ടുണ്ട്. കോവളം സിഐയെ സ്ഥലംമാറ്റി ഡിജിപി ഉത്തരവിറക്കി.

ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസും പറഞ്ഞെന്ന വെളിപ്പെടുത്തലിൽ പുതിയ കേസിന് സാദ്ധ്യതയുണ്ട്. എൽദോസുമായി 10 വർഷത്തെ പരിചയം ഉണ്ട് . ആദ്യം എംഎൽഎ ആയപ്പോൾ പേഴ്‌സണൽ സ്റ്റാഫ് വഴിയാണ് പരിചയം തുടങ്ങിയത് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് കൂടുതൽ അടുപ്പത്തിലായത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. സ്റ്റെപംബർ 14 ന് തന്നെ നിർബ്ബന്ധിച്ച് കോവളം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പരസ്പരം ഉള്ള തർക്കം തീർക്കാനെന്ന മട്ടിലാണ് കൊണ്ടുപോയതങ്കിലും അവിടെ വച്ച് ശാരീരികമായി ഉപദ്രവിച്ചു. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി.എയും സുഹൃത്ത് ജിഷ്ണുവും ഒപ്പം ഉണ്ടായിരുന്നു. മർദ്ദനം കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. താൻ ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ തടിതപ്പിയത്. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.ശല്യം തുടർന്നതോടെയാണ് സ്റ്റെപംബർ 28 ന് വനിതാ സെല്ലിൽ പരാതി നൽകിയത്. എന്നാൽ പ്രതിസ്ഥാനത്ത് എംഎൽഎ ആയതിനാൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു.

എൽദോസ് കുന്നപ്പിള്ളി കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. കേസ് ഒത്തു തീർപ്പാക്കാൻ വാഗ്ദാനം ചെയ്ത 30 ലക്ഷം രൂപ തനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിനിയും മുൻ വാർഡ് മെമ്പറും ആയ സ്ത്രി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. എന്നാൽ കോൺഗ്രസിലെ എംഎൽഎമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി .

കോവളം സ്റ്റേഷനിലേക്ക് സെപ്റ്റംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച് .ഒ തയ്യാറായില്ല. എംഎൽഎയെ കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് ഏഴാം തീയതിയും എട്ടാം തീയതിയും ചെന്നെങ്കിലും മൊഴി എടുത്തില്ല. സിഐ ഒത്തു തീർപ്പിനുള്ള ശ്രമങ്ങളാണ് നടത്തിയത്. കോവളം സിഐ മനഃപൂർവം കേസ് രജിസ്റ്റർ ചെയ്യാൻ താമസിപ്പിക്കുകയായിരുന്നു. സിഐ ഒത്തുതീർപ്പിന് ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോവളം എസ്.എച്ച്.ഒയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. നെയ്യാർ ഡാം സ്റ്റേഷൻ എസ്.എച്ച്.ഒ ബിജോയ് എസിനെയാണ് കോവളത്ത് സ്ഥലം മാറ്റി നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്.