മലപ്പുറം: നാട്ടുപ്രമാണിയായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ 28കാരിക്ക് ഇടക്കാല ജാമ്യം ലഭിച്ചത് ആറുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പരിഗണിച്ച്. മാതാവ് ജയിലിലായാൽ പിഞ്ചുകുഞ്ഞുങ്ങൾ കഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരപ്പനങ്ങാടി കോടതി പ്രതിയായ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേ സമയം കേസിൽ റാഷിദയോടൊപ്പം തന്നെ പങ്കാളിയായ ഭർത്താവ് തൃശൂർ കുന്നംകുളം നാലകത്ത് നിഷാദിനെ തിരൂർ സബ്ജയിലിൽ റിമാൻഡിലാക്കി.

നിഷാദിനെ കൂടുതൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് കേസ് അന്വഷിക്കുന്ന കൽപകഞ്ചേരി പൊലീസ്. പിഞ്ചു കുഞ്ഞുങ്ങളുണ്ടായിട്ടും ദമ്പതികൾ ധനസമ്പാദത്തിനു വേണ്ടിയാണു ഇത്തരത്തിൽ 68കാരനെ കെണിയിൽ പെടുത്തിയതെന്നും സോഷ്യൽ മീഡിയയിൽ ആക്ടീവായ ദമ്പതികൾ ഇവരുടെ ഫോട്ടോകൾ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിക്കാറുമുണ്ട്. ഇതിന്റെ ബുദ്ധിയെല്ലാം ഭർത്താവിന്റേതാണെന്നാണ് പൊലീസും സംശയിക്കുന്നത്.

മലപ്പുറം കൽപകഞ്ചേരിയിലെ 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23ലക്ഷംരൂപയോളമാണ് ഇരുവരും ചേർന്ന് തട്ടിയത്. പ്രണയം നടിച്ചാണ് വ്‌ലോഗറായ റാഷിദ 68കാരനുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി തവണകളായ 23ലക്ഷത്തോളം രൂപ കെക്കലാക്കിയത്.

തുടർന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പണം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നും വീട്ടിൽ വിവരം അറിയിക്കുമെന്നും പറഞ്ഞതോടെയാണ് നാട്ടിലെ അറിയപ്പെട്ട കുടുംബത്തിൽ മക്കളും പേരമക്കളുമായി കഴിയുന്ന 68കാരൻ പണം നൽകിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ ഇത്രയും തുക തട്ടിയെടുത്തിട്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നു. എന്നാൽ 68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടർന്നു കുടുംബം വവരം അറിഞ്ഞതോടെ 68കാരനുമായിവന്നു കഴിഞ്ഞ ദിവസമാണ് കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്നു കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂർ കുന്നംകുളത്തെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സ്റ്റേഷനിൽ ഇന്നു ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സമാനമായി മറ്റുള്ളവരിൽനിന്നും ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോയെന്നത് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലുള്ള നിഷാദിനെ കസ്റ്റിഡയിൽ ആവശ്യപ്പെടുമെന്നും കൽപഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.

കൽപഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്തിനെ പുറമെ എസ്‌ഐ. സൈമൺ, എഎസ്ഐ രവി, സീനിയർ സി.പി.ഒ ഷംസാദ്, വനിതാപൊലീസ് അപർണ, സുജിത്, ഹരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റാഷിദക്കു നൽകിയത് ഇടക്കാല ജാമ്യം മാത്രമാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ നടപടി ക്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.