- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പറക്കോട്ടുകാരൻ രതീഷ് വീണ്ടും അകത്തായി
അടൂർ: ഓർമയില്ലേ രതീഷിനെ? 110 കെ.വി. ലൈനിൽ കയറി കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പറക്കോട്ടുകാരനെ? ഭാര്യയും ഉറ്റബന്ധുക്കളും വന്നു വിളിച്ചിട്ടും താഴെയിറങ്ങാൻ തയാറാകാതെ അർധരാത്രി ടവറിന് മുകളിൽ കയറിയിരുന്ന് വൈദ്യുതി മുടക്കുകയും പൊലീസിനെയും കെഎസഇബിയെയും വലയ്ക്കുകയും ചെയ്ത രതീഷ് അവസാനം താഴെ ഇറങ്ങാൻ തയാറായത് സുഹൃത്തായ യുവതി വന്നു വിളിച്ചപ്പോഴാണ്. അതേ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമിച്ച കേസിൽ ഇപ്പോൾ രതീഷ് അകത്തായിരിക്കുകയാണ്!
പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ജയിലിലാക്കി എന്ന മുൻവിരോധത്തിന്റെ ഭാഗമായി യുവതിയേയും മകനേയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേ വീട്ടിൽ രതീഷ്(39) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അന്നേ ദിവസം രാത്രി 7.30-ന് ഭർതൃമതിയായ ഏഴംകുളം വയല സ്വദേശിനിയേയും മകനേയും വീട്ടിൽ അതിക്രമിച്ച് കയറി പ്രതി മർദ്ദിച്ചു. ശേഷം അരമണിക്കൂർ കഴിഞ്ഞ് കുപ്പിയിൽ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു. പെട്രോൾ യുവതിയുടേയും മകന്റേയും ശരീരത്ത് ഒഴിച്ച് ലൈറ്റർ എടുത്ത് കത്തിക്കും എന്ന് ഭീഷണിയും മുഴക്കി തിരികെ പോയി.
തുടർന്ന് യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രതീഷും യുവതിയും മുൻപു തന്നെ സുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് ഇവർ തമ്മിൽ അകന്നു. തന്നെ ഉപദ്രവിച്ചുവെന്ന് കാട്ടി കഴിഞ്ഞ വർഷം യുവതി നൽകിയ പരാതിയിൽ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.
ഈ വിരോധമാണ് യുവതിയെ ഇപ്പോൾ അക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 23-ന് അർധരാത്രി പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ.വി. വൈദ്യുതി ലൈനിന്റെ ടവറിൽ കയറി ആത്മഹത്യാ ഭീഷണി ഉയർത്തിയ ആളാണ് രതീഷ്. ഒരു കുപ്പി പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളിൽ കയറിയത്. ഇപ്പോൾ അക്രമത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് രതീഷ് അന്നും ടവറിന് മുകളിൽ കയറിയത്.
ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും ടവറിൽ നിന്നും ഇറങ്ങാൻ രതീഷ് കൂട്ടാക്കിയിരുന്നില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ യുവതിയെ പൊലീസിന്റേയും പൊതു പ്രവർത്തകരുടേയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു. ടവറിൽ നിന്നും ഇറങ്ങാൻ യുവതി ഫോണിൽ കൂടി ആവശ്യപ്പെട്ടപ്പോൾ രതീഷ് താഴെയിറങ്ങാൻ തയാറായി. എന്നാൽ, പാതി വഴി വന്ന് ഇയാൾ കുടുങ്ങി. പിന്നെ ഫയർഫോഴ്സ് നെറ്റിട്ടാണ് താഴെ എത്തിച്ചത്. അന്നും ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
അടൂർ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു