- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരിലെ സ്ഫോടനത്തോടെ ഒളിത്താവളം സുരക്ഷിതമല്ലാതെയായി; അൽഉമക്കാരുടെ വീടുകളിൽ റെയ്ഡ് സജീവമായപ്പോൾ നേതാവ് പുറത്തിറങ്ങി; നേരെ വന്നതെ പട്ടാമ്പിയിലെ വീട്ടിൽ; പോപ്പുലർ ഫ്രണ്ടിനുള്ളിലെ ചാരന്മാർ കേന്ദ്ര ഏജൻസിക്ക് വിവരം ചോർത്തി; എല്ലാം അറിഞ്ഞതു കൊച്ചിയിൽ നിന്ന് പുറപ്പെട്ടവർ മാത്രം; കരിമ്പുള്ളിയിൽ റൗഫിനെ കുടുക്കിയത് രഹസ്യം പുറത്തു പോകാതെ
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ എൻഐഎ അറസ്റ്റ് ചെയ്തത് നാടകീയമായി. ഒരുമാസം മുൻപ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. എൻഐഎ കൊച്ചി സംഘം രാത്രിയിൽ റൗഫിനെ പട്ടാമ്പിയിലെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പിഎഫ്‌ഐ പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകൾ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്കെത്തിയിരുന്നില്ല.
കഴിഞ്ഞ ആഴ്ച പട്ടാമ്പി കരിമ്പുള്ളിയിലെ റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാൻ എൻഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചു. തമിഴ്‌നാട്ടിലും കർണാടകയിലും ഉൾപ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയിൽ കൊച്ചിയിൽ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയിൽ തന്നെ കൊച്ചിയിലേക്ക് എത്തിച്ചു.
എല്ലാം അതിവേഗമായിരുന്നു. ഓപ്പറേഷന്റെ തൊട്ടു മുമ്പ് മാത്രമാണ് ലോക്കൽ പൊലീസിനെ പോലും കാര്യങ്ങൾ അറിയിച്ചത്. അധികം ചെറുത്ത് നിൽപ്പൊന്നും നടത്താതെ റൗഫ് കീഴടങ്ങുകയും ചെയ്തു. റൗഫ് അതീവ രഹസ്യമായി വീട്ടിലെത്തിയ വിവരം എങ്ങനെ എൻഐഎ അറിഞ്ഞു വന്നത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ ചാരന്മാരെ നിയോഗിച്ചാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തെളിവുകൾ ദേശീയ ഏജൻസികൾ കണ്ടെത്തിയതെന്ന് സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. അത്തരം ചാരന്മാർ റൗഫിന്റെ അറസ്റ്റിനും വഴിയൊരുക്കിയെന്നാണ് സൂചന.
കോയമ്പത്തൂരിലാണ് റൗഫ് ഒളിവിൽ കഴിഞ്ഞതെന്നും സൂചനയുണ്ട്. ഇവിടെ നിന്നാണ് പട്ടാമ്പിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ സ്‌ഫോടനം നടന്നു. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പ്രതികാരമാണെന്ന വിലയിരുത്തലുമെത്തി. അൽ ഉമ സംഘടനയുടെ കേന്ദ്രങ്ങളിൽ പരിശോധനയും ശക്തമാക്കി. ഈ അന്വേഷണവും പോപ്പുലർ ഫ്രണ്ടിന് നേരെ തിരിയുന്ന സാഹചര്യമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് രഹസ്യ കേന്ദ്രത്തിൽ നിന്നും റൗഫ് പുറത്തു വന്നതെന്ന സൂചനകളുമുണ്ട്. ഈ സാഹചര്യം എൻഐഎയും മനസ്സിലാക്കിയിരുന്നു. ഇതും അറസ്റ്റിലേക്ക് വഴിയൊരുക്കി.
പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയിൽ എൻഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കൾക്ക് ഒളിവിൽ കഴിഞ്ഞ് സഹായം ചെയ്യുന്ന തരത്തിലേക്ക് റൗഫ് മാറി. സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാൻ എൻഐഎ സംഘം തുടർച്ചയായി നിരീക്ഷണം നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളും സമരപരിപാടികൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു.
വിദേശ ഫണ്ട് വരവ്, പ്രവർത്തകർക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹർത്താലിൽ വ്യാപക ആക്രമണം നടത്തിയതിലും റൗഫിന്റെ ബുദ്ധിയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. രാജ്യസുരക്ഷ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതൽ നടത്തിയ മിന്നൽ പരിശോധനകൾക്കൊടുവിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷൻ. കേരള പൊലീസ് തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത റൗഫിനെ പിടികൂടാനുള്ള എൻഐഎ ദൗത്യവും കേരള പൊലീസ് അവസാന നിമിഷം വരെ അറിഞ്ഞില്ല. ഒളിവിൽ പോയ റൗഫിനെ കുടുക്കാൻ പ്രത്യേക പദ്ധതി കേന്ദ്ര ഏജൻസി തയ്യാറാക്കിയിരുന്നു. തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഹർത്താലിന് ആഹ്വാനം ചെയ്ത ജനറൽ സെക്രട്ടറി സത്താറിനെ എൻഐഎ നേരത്തേ പിടികൂടിയിരുന്നു. കൊല്ലത്തെ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു സത്താറിന്റെ അറസ്റ്റ്. പിന്നാലെ റൗഫും കുടുങ്ങുന്നു.രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും റൗഫിന് പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അറസ്റ്റിലായ റൗഫിനെ ഡൽഹിയിലേക്ക് കൊണ്ടു പോകും. അവിടെയാകും വിശദ ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ