ലണ്ടൻ: രോഗികൾക്കും എൻ എച്ച് എസ്സിനും ഇടയിൽ നടന്ന വിവിധ ഇടപാടുകളുടെ 30 കോടിയോളം രേഖകളാണ് കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്ത റഷ്യയിലെ ക്വിലിൻ സംഘം മോഷ്ടിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. എച്ച്. ഐ. വി, കാൻസർ തുടങ്ങിയ രോഗങ്ങൾക്കായി നടത്തിയ രക്ത പരിശോധനകളുടെ ഫലം ഉൾപ്പടെ ഇക്കൂട്ടത്തിലുണ്ടെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. മോഷ്ടിക്കപ്പെട്ട ഡാറ്റയുടെ തോതും, അവയുടെ പ്രാധാന്യവും എൻ എച്ച് എസ്സ് അധികൃതരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. പരിഭ്രാന്തരായ രോഗികളുടെ ഫോൺ വിളികൾക്ക് മറുപടി നൽകാനായി ഒരു ഹെൽപ്പ് ലൈൻ സജ്ജീകരിക്കാൻ ഒരുങ്ങുകയാണ് എൻ എച്ച് എസ്സ് എന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ തിരുവനന്തപുരം ആർ എസി സിയിലും സമാനമായ സൈബർ മോഷണം നടന്നിരുന്നു. എന്നാൽ ഇതിൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

എൻ എച്ച് എസ്സുമായി ചേർന്ന് പ്രവർത്തിക്കുന്ന സൈനോവിസ് എന്ന സ്വകാര്യ കമ്പനിയുടെ സിസ്റ്റത്തെയാണ് ഹാക്കർമാർ ഉന്നം വച്ചത്. രക്ത പരിശോധനയുൾപ്പടെയുള്ള പത്തോളജിക്കൽ സേവനങ്ങൾ എൻ എച്ച് എസ്സിന് നൽകുന്നത് സൈനോവിസ് ആണ്. ഏഴോളം എൻ എച്ച് എസ്സ് ആശുപത്രികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. എന്നാൽ, ട്രസ്റ്റുകൾക്ക് കീഴിലുള്ള ആശുപത്രികളെ മാത്രമാണോ ഇത് ബാധിച്ചിരിക്കുന്നത് അതോ കൂടുതൽ വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യം ഈ ഘട്ടത്തിൽ പറയാൻ ആകില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. തിരുവനന്തപുരം ആർ സി സിയിലും സമാന സൈബർ ആക്രമണമാണുണ്ടായത്. ഡാറ്റ തട്ടിയെടുത്തുവെന്ന് അവകാശപ്പെട്ടവർ മോചനദ്രവവും ചോദിച്ചു. ബ്രിട്ടണിലെ മോഷണത്തിലും ഇതുണ്ടായി.

50 മില്യൻ ഡോളർ മോചനദ്രവ്യമാണ് സിസ്റ്റം ഹാക്ക് ചെയ്ത റഷ്യൻ ആസ്ഥാനമായുള്ള ക്വിലിൻ സംഘം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സൈനോവിസ് ഈ തുക നൽകാൻ തയ്യാറായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. അതോടെയാണ് ഹാക്കർമാർ, മോഷ്ടിക്കപ്പെട്ട ഡാറ്റ പരസ്യപ്പെടുത്തുമെന്ന ഭീഷണിയുമായി വന്നത് എന്നും കരുതുന്നു. കുറച്ചധികം ഡാറ്റ ഇതിനോടകം പരസ്യപ്പെടുത്തി എന്നും കരുതപ്പെടുന്നു. ബ്രിട്ടണിൽ സൈബർ ആ്ക്രമണം നടത്തിയ അതേ ടീമാണ് തിരുവനന്തപുരം ആർ സിസിയിലും മോഷണം നടത്തിയതെന്ന സംശയം സജീവമാണ്.

ബ്രിട്ടണിൽ നഷ്ടമായത് എത്രമാത്രം ഡാറ്റയാണ്, ഏത് ഡാറ്റയാണ് പ്രസിദ്ധപ്പെടുത്തിയത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ, നിരവധി വ്യത്യസ്ത രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികളുടെ, പരിശോധനാ ഫലങ്ങൾ ഉൾപ്പടെയുള്ളവ സൈനോസിസിന്റെ ഡാറ്റാ ശേഖരത്തിലുണ്ട്. അവയവം മാറ്റി വയ്ക്കൽ മുതൽ ലൈംഗിക രോഗങ്ങൾക്കുള്ള ചികിത്സവരെ ഇതിൽ ഉൾപ്പെടുന്നു. അതിനിടയിൽ, ഒന്നിലധികം സ്വകാര്യ ആശുപത്രികളിലെ ഡാറ്റയും ക്വിലിൻ സംഘത്തിന്റെ കൈകളിലെത്തിയതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ, ഏതൊക്കെ സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി സൈനോവിസ് ജോലി ചെയ്യുന്നുണ്ട് എന്നതിൽ വ്യക്തതയില്ല.

ജൂൺ 3 ന് നടത്തിയ ഹാക്കിംഗിൽ ക്വിലിൻ സംഘം പിടിച്ചെടുത്തിരിക്കുന്നത് ഡാറ്റയുടെ ഒരു വൻ ശേഖരം തന്നെയാണ്. രോഗ പരിശോധനകളുടെയും ചികിത്സകളുടെയും വർഷങ്ങളായുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുന്നു. അതിൽ 104 ഫയലുകളാണ് ഇന്നലെ രാത്രി ക്വിലിൻ സംഘം ഒരു മെസേജിങ് ആപ്പിൽ പോസ്റ്റ് ചെയ്തത്.അതെല്ലാം കൂടി 380 ജി ബി ഡാറ്റ ഉണ്ടെന്ന് ഗാർഡിയൻ രിപ്പോർട്ട് ചെയ്യുന്നു. സൈനോവിസിന്റെ ലോഗോയും, കമ്പനിയെ കുറിച്ചുള്ള ഒരു ലഘു വിവരണവും ഒപ്പം സൈനോവിസിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കും സഹിതമാണ് ഡാറ്റ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആ ഫയലുകളിൽ രോഗികളുടെ പേര്, ജനന തീയതി, എൻ എച്ച് എസ് നമ്പർ, രോഗ- രോഗപരിശോധനകളുടെ വിവരം എന്നിവ അടങ്ങിയിരിക്കുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ഹാക്കർമാർ കൈക്കലാക്കിയ ഡാറ്റ പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ അതിനർത്ഥം, അവർ ആവശ്യപ്പെട്ട തുക നൽകാൻ ഇര തയ്യാറല്ല എന്നതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. കിങ്‌സ് കോളേജ്, ഗൈസ് ആൻഡ് സെയിന്റ് തോമസ് ഹോസ്പിറ്റൽ ട്രസ്റ്റുകളുടെയും തെക്ക് കിഴക്കൻ ലണ്ടനിലെ നിരവധി ജി പിമാരുടെയും പ്രവർത്തനങ്ങളെ ഈ ഹാക്കിങ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.