ആലപ്പുഴ: രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഇന്നലെ എക്‌സൈസ് ചോദ്യം ചെയ്ത റിയാലിറ്റി ഷോ താരം ജിന്റോ, ചലചിത്ര നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് എക്‌സൈസ് പറയുമ്പോഴും പ്രതികളുമായി ഇവര്‍ക്കുള്ളത് അടുത്ത ബന്ധം. ജിന്റോയും ജോഷിയും കഞ്ചാവോ മറ്റു രാസലഹരികളോ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടില്ല. എന്നാല്‍ കേസിലെ ഒന്നാംപ്രതി തസ്ലിമയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ളതായി തെളിഞ്ഞു. ചോദ്യം ചെയ്യലിലും ഇവര്‍ ഇതെല്ലാം സമ്മതിച്ചു. മോഡല്‍ കെ സൗമ്യയെ ജിന്റോയ്ക്ക് പരിചയവുമുണ്ട്. അന്വേഷണസംഘം ചോദ്യം ചെയ്ത മോഡല്‍ കെ.സൗമ്യയെ സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടതെന്നു ജിന്റോ എക്‌സൈസിനോടു പറഞ്ഞു. മോഡലിങ് വഴിയാണു തസ്ലിമയെ പരിചയപ്പെട്ടത്. ചലച്ചിത്ര നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മോഡലുകളുടെ ചിത്രങ്ങളും വിവരങ്ങളും എത്തിച്ചു നല്‍കിയിരുന്നയാളാണു ജോഷിയെന്ന് എക്‌സൈസ് പറയുന്നു. ഇയാളും രാസലഹരി ഉപയോഗിക്കാറില്ല.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്‌ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്. ഇത് 130 പേജോളം വരും. ലക്ഷങ്ങളുടെ പണമിടപാടുകള്‍ക്ക് പിന്നില്‍ റിയല്‍മീറ്റാണെന്ന് സൗമ്യ കഴിഞ്ഞദിവസം എക്‌സൈസിനോട് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെയൊന്നില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൗമ്യ പറഞ്ഞത്. ചെറിയ തുകകളുടെ ഇടപാടുകള്‍ സംബന്ധിച്ച് എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സൗമ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ട് തവണയാണ് തസ്ലിമയ്ക്ക് പണം നല്‍കിയതെന്നും അച്ഛന്‍ മരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് പണം കൊടുത്തതെന്നുമാണ് ജിന്റോയുടെ മൊഴി. ലഹരി ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. തസ്ലീമയുടെ ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്ന് ജോഷിയും പറഞ്ഞു. ''സിനിമാ മേഖലയിലെ കോഓര്‍ഡിനേറ്റര്‍ എന്നാണ് തസ്‌ലിമ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല.'' ജോഷി പറഞ്ഞു. എക്‌സൈസിന് പല നിര്‍ണ്ണായക വിവരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കേസെടുക്കാനുളള അധികാരം അവര്‍ക്കില്ല. ലഹരി കേസിന് അപ്പുറത്തേക്ക് പല മാനങ്ങളുള്ള ഈ കേസുകള്‍ പരിശോധിക്കാന്‍ പോലീസ് എത്തുമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍ സാധ്യത കുറവാണെന്നാണ് പുറത്തേക്ക വരുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ 'റിയല്‍ മേറ്റുകാര്‍' എല്ലാം രക്ഷപ്പെടും.

ചൊവ്വാഴ്ച ഉച്ചയ്ക്ക്ശേഷമാണ് മുന്‍ ബിഗ്ബോസ് താരമായ ജിന്റോ ആലപ്പുഴ എക്സൈസ് ഓഫീസിലെത്തിയത്. 'തസ്ലിമ പതിനായിരം ആള്‍ക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാള്‍ ഞാനായി. അത്രയേയുള്ളൂ. വന്നുകഴിഞ്ഞിട്ട് എല്ലാംപറയാം. കുറേ പറയാനുണ്ട് എനിക്ക്'', ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളിലൊരാളായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിന്റോയെ എക്സൈസ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്. തസ്ലിമയുടെ വാട്സാപ്പ് ചാറ്റുകളും കോളുകളും പരിശോധിച്ചതോടെയാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തിയത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെ കഴിഞ്ഞദിവസം എക്സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്.

ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.