ന്യൂഡൽഹി: ജമ്മു റിയാസി ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മുഖ്യപ്രതി പിടിയിൽ. ഹകം ദിൻ(45) എന്ന ഭീകരനെയാണ് അറസ്റ്റ് ചെയ്തതെന്ന് ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു. ഇയാൾ സംഭവത്തിന്റെ സൂത്രധാരനല്ലെങ്കിലും മുഖ്യപങ്കുവഹിച്ച ആളെന്ന് റിയാസി സീനിയർ സൂപ്രണ്ട് മോഹിത ശർമ്മ അറിയിച്ചു.

രജൗറി നിവാസിയായ ഹകം പലതവണ ഭീകരവാദികളുടെ മുഖ്യസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭീകരർക്ക് താമസവും, ഭക്ഷണവും ഒരുക്കുന്നതിനൊപ്പം, ആക്രമണ സ്ഥലത്തേക്ക് നയിക്കാൻ ഗൈഡായും പ്രവർത്തിച്ചു. ചുരുക്കത്തിൽ, ആക്രമണം നടപ്പാക്കാൻ ഭീകരരെ സഹായിച്ച മുഖ്യകൂട്ടാളിയാണ് ഹകം. കേസിൽ, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് 150 ഓളം പേരെ അറസ്റ്റ് ചെയ്തതായി എഎസ്‌പി മോഹിത ശർമ്മ അറിയിച്ചു.' രജൗറിയിലെ ബന്ദ്രാഹിയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് എനിക്ക് എത്താൻ കഴിഞ്ഞതെങ്കിലും, ലോക്കൽ പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തുകയും, പരിക്കേറ്റവരെ രക്ഷിക്കുകയും ചെയ്തു. കേന്ദ്രത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസമായതിനാലും, ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുന്ന ദിവസം ആയതിനാലും ഞങ്ങൾ ജാഗ്രതയിലായിരുന്നു. എന്നാൽ, റിയാസി ഭീകരാക്രണത്തെ കുറിച്ച് പ്രത്യേക വിവരമൊന്നും കിട്ടിയിരുന്നില്ല', മോഹിത പറഞ്ഞു.

നേരത്തെ, ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ഭീകരന്റെ രേഖാചിത്രം പുറത്ത് വിട്ട പൊലീസ് തിരിച്ചറിയുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. ജൂൺ 10 ന് യുപിയിൽ നിന്ന് ജമ്മു-കശ്മീരിലെ റിയാസി ജില്ലയിലേക്ക് വന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരേയാണ് ഭീകരർ വെടിയുതിർത്തത്. ഇതേ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു.

10 പേർ കൊല്ലപ്പെടുകയും, 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശിവ ഖോരി ഗുഹയിൽ നിന്നും വൈഷ്‌മോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയിലേക്കായിരുന്നു ബസ് സഞ്ചരിച്ചത്. എൻഎച്ച് 114 യുടെ ലിങ്ക് റോഡ് കൊടും വനത്തിലൂടെയും മലപ്രദേശത്തൂടെയുമാണ് കടന്നുപോകുന്നത്.

മുഖംമൂടി ധരിച്ച മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവരുടെ മൊഴി നൽകിയിരുന്നു. പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളാണ്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റാണ്.