പത്തനംതിട്ട: ആയുഷ് നിയമന കോഴക്കേസിൽ മുഖ്യപ്രതി അഖിൽ സജീവിനൊപ്പമുള്ളത് യുവമോർച്ചയുടെ നേതാക്കളും. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് കേസിൽ യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് ജൂഡോ രാജേഷ് എന്ന രാജേഷിനെയും പ്രതി ചേർത്തു. മലയാലപ്പുഴ സ്വദേശിയായ ഇയാളുടെ അക്കൗണ്ടിലൂടെയാണ് നാലു ലക്ഷം വാങ്ങിയതെന്നാണ് അഖിലിന്റെ മൊഴി. ഇതിന് പുറമേ യുവമോർച്ചയുടെ തന്നെ മറ്റൊരു നേതാവും സംശയനിഴലിലാണ്. ഇയാൾ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലെ പ്രതിയാണ്. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പിന്റെ ഗുഢാലോചന നടന്നിട്ടുള്ളത്. ഓമല്ലൂർ സ്വദേശിയാണ് സ്പൈസസ് ബോർഡിൽ ജോലി ലഭിക്കുന്നതിന് വേണ്ടി നാലു ലക്ഷം അഖിൽ സജീവിന് കൊടുത്തത്.

അഖിൽ സജീവിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയിൽ നിന്നാണ് രാജേഷിനെ കൂടി സ്പൈസസ് ബോർഡ് നിയമനത്തട്ടിപ്പ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അഖിൽ സജീവിന് 2013 മുതൽ ഇതു വരെ പത്തനംതിട്ട സ്റ്റേഷനിൽ ആറു കേസുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ്. ഈ സംഘം ഒരു കേന്ദ്രമന്ത്രിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നുള്ള നാലംഗ സംഘമാണ് നിയമനക്കോഴയ്ക്ക് പിന്നിലുള്ളത്. മുൻ എഐവൈഎഫ് നേതാവ് അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിൻ, ശ്രീരൂപ് എന്നിവരാണ് സംഘത്തിലെ മുഖ്യന്മാർ എന്നാണ് അഖിലിന്റെ മൊഴി. ഹരിദാസന്റെ പരാതി ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അഡ്വ. ബാസിത് അഖിലിനെയും കൂട്ടി ജില്ലയിലെ മുതിർന്ന ഇടതു നേതാവിനെയും അദ്ദേഹത്തിന്റെ ഉറ്റ അനുയായിയെയും സന്ദർശിച്ചിരുന്നുവെന്ന് ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ നേതാവും അനുയായിയും ഇവരെ വഴി വിട്ട് സഹായിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അഖിലിന്റെ ഇപ്പോഴത്തെ അറസ്റ്റ് ഒരു നാടകമാണെന്നും സംശയം ഉയർന്നിട്ടുണ്ട്. നിലവിലുള്ള ആരോപണങ്ങളും കേസുകളും ചിലപ്പോൾ എല്ലാ പാർട്ടികളുടെയും നേതാക്കളിലേക്ക് നീണ്ടാലോ എന്ന ഭയമാണിതിന് പിന്നിൽ. അഖിലിനെ ദീർഘ നേരം പത്തനംതിട്ടയിൽ ചോദ്യം ചെയ്തിരുന്നതും ഇതിന്റെ ഭാഗമാണോയെന്ന സംശയം ഉയർത്തുന്നു.