ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് സംശയം ഉയരുന്നു. ആകസ്മിക സ്‌ഫോടനത്തിനുള്ള സാധ്യതയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ പരിഭ്രാന്തരായതിനെത്തുടര്‍ന്ന് സംഭവിച്ച ആകസ്മിക സ്‌ഫോടനമാണ് ഇതെന്നാണ് സൂചന. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബാണ് പൊട്ടിയത്.

സ്‌ഫോടനം ഉണ്ടായ സ്ഥലം പ്രാഥമികമായി വിലയിരുത്തിയ ശേഷമാണ് അന്വേഷണ സംഘം ഈ സാധ്യത പരിശോധിച്ചത്. പരിഭ്രാന്തരായ പ്രതികള്‍ സ്‌ഫോടക വസ്തുക്കള്‍, പ്രത്യേകിച്ച് ഐ ഇ ഡി കൊണ്ടുപോകുന്നതിനിടെ, അബദ്ധത്തില്‍ സ്‌ഫോടനം സംഭവിച്ചതാകാമെന്നാണ് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.


ഹരിയാനയിലും യുപിയിലും ജമ്മു-കശ്മീരിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിനിടെ, ഫരിദാബാദില്‍ നിന്ന് ബോംബുണ്ടാക്കാനുള്ള 2900 കിലോ സ്്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതോടെ പ്രതികള്‍ പരിഭ്രാന്ത്രരായി. ഇതോടെ മറ്റൊരു സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കാം. ഈ വാദം ശരി വച്ചാല്‍, ചാവര്‍ ആക്രമണം എന്നതിനുപകരം സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ ആകസ്മികമായി സംഭവിച്ച അപകടമെന്ന തരത്തിലേക്ക് കേസ് മാറും. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആകസ്മിക സ്‌ഫോടനത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍

ഐ ഇ ഡി (IED (സ്‌ഫോടകവസ്തു) ശരിയായി കൂട്ടിയിണക്കുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടു. ഇതോടെ, ഐ ഇ ഡി സ്‌ഫോടനത്തിന് പ്രതികള്‍ കണക്കുകൂട്ടിയത് പോലുള്ള ആഘാതം സൃഷ്ടിക്കാനായില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് സാധാരണ ഉണ്ടാകാറുള്ള കുഴി (Blast Crater) രൂപപ്പെടാതിരുന്നതും മറ്റു പ്രൊജക്‌റ്റൈലുകള്‍ കണ്ടെത്താന്‍ കഴിയാത്തതും ആകസ്മിക സ്‌ഫോടന സിദ്ധാന്തത്തിന് ബലം നല്‍കുന്നു. പരിഭ്രാന്തി കാരണം ഐ ഇ ഡി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെ്ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

i20 കാര്‍ തിരക്കേറിയ തെരുവിലൂടെ ഇഴഞ്ഞുനീങ്ങുമ്പോള്‍ ആണ് പൊട്ടിത്തെറിച്ചത്. വാഹനം ചലനത്തിലായിരുന്നത് IED-യെ എന്തെങ്കിലും വിധത്തില്‍ ബാധിച്ചിരിക്കാം എന്നും, ഇത് ആകസ്മിക സ്‌ഫോടനത്തിന് വഴിവച്ചിരിക്കാമെന്നും പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ മാറ്റാന്‍ ശ്രമിക്കുമ്പോഴോ അതല്ലെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴോ ആകാം സ്‌ഫോടനം നടന്നതെന്നും ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

വെള്ള ഹ്യൂണ്ടായ് i20 ഓടിച്ച പ്രധാന പ്രതിയെ ജമ്മു കശ്മീരില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ നബി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയും കുടുംബാംഗങ്ങളുമായി പോലും ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു: തിങ്കളാഴ്ച അറസ്റ്റിലായവരടക്കമുള്ള മറ്റ് പ്രതികളും ഡോക്ടര്‍മാരാണ്. സാധാരണ ഗതിയില്‍ ഡോക്ടര്‍മാര്‍ സംശയത്തിന്റെ നിഴലില്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍, ഒരു മറ (facade) ആയാണ് ഈ തൊഴില്‍ ഉപയോഗിച്ചതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.