കോട്വാർ: ഉത്തരാഖണ്ഡിലെ കോട്വാർ ജില്ലയിൽ ഒരു മുസ്ലിം ഉടമസ്ഥതയിലുള്ള കടയുടെ പേരിനെ ചൊല്ലി ബജ്റംഗ്ദൾ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ഒരു സംഘം തർക്കമുണ്ടാക്കിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കടയുടെ പേരിൽ നിന്ന് 'ബാബ' എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകരെ പ്രദേശവാസിയായ ദീപക് കുമാർ ചോദ്യം ചെയ്തതോടെയാണ് സംഭവം ശ്രദ്ധേയമായത്. കഴിഞ്ഞ ബുധനാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

"ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിംഗ് സെന്‍റർ" എന്ന സ്ഥാപനത്തിന് നേരെയായിരുന്നു ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്. പ്രദേശവാസിയായ ഷോയിബ് അഹമ്മദിന്റെ കുടുംബം നടത്തുന്ന ഈ കട 30 വർഷത്തോളമായി ഇതേ പേരിൽ പ്രവർത്തിക്കുന്നതാണ്. കടയുടെ ഉടമയായ വക്കീൽ അഹമ്മദിനെ സംഘം ചോദ്യം ചെയ്യുകയും മുസ്ലീങ്ങൾക്ക് 'ബാബ' എന്ന പദം ഉപയോഗിക്കാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ബോർഡിൽ നിന്ന് ഈ വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഈ സമയത്താണ് പ്രദേശവാസിയായ ദീപക് കുമാർ ഇടപെടുന്നത്. "മുസ്ലീങ്ങൾ രാജ്യത്തെ പൗരന്മാരല്ലേ?" എന്നും, "ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഒരു കടയുടെ പേര് പെട്ടെന്ന് മാറ്റാൻ എന്താണ് കാരണം?" എന്നും അദ്ദേഹം ബജ്റംഗ്ദൾ പ്രവർത്തകരോട് ചോദിച്ചു. ദീപക്കിനോട് പേര് ചോദിച്ചപ്പോൾ, "എന്റെ പേര് മുഹമ്മദ് ദീപക്" എന്ന് അദ്ദേഹം മറുപടി നൽകി.

തുടർന്ന് കൂടുതൽ പ്രദേശവാസികൾ ദീപക്കിന് പിന്തുണയുമായി എത്തുകയും ബജ്റംഗ്ദൾ പ്രവർത്തകരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ചെറിയൊരു സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധം ശക്തമായതോടെ ബജ്റംഗ്ദൾ പ്രവർത്തകർ സംഭവസ്ഥലത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു.

വഴിയാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ അതിവേഗം വൈറലായി. രാജ്യത്ത് വർദ്ധിച്ചുവരുന്ന വിഭജന രാഷ്ട്രീയത്തെ നിരവധി പേർ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, വ്യക്തികളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.