ബെംഗളൂരു: സിനിമാ ലോകത്തെ നടുക്കിയ കൊലപാതകത്തിൽ കന്നഡയിലെ മുൻനിര നടൻ അറസ്റ്റിലായതിന് പിന്നാലെ കൊലപാതകത്തെ കുറിച്ചുള്ള ചുരുളഴിഞ്ഞു. എല്ലാറ്റിനും കാരണം ദർശന്റെ കാമുകി പവിത്ര ഗൗഡ ആണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതോടെയാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതിൽ മുഖ്യസൂത്രധാര പവിത്ര ഗൗഡയാണെന്ന് തെളിഞ്ഞത്. കേസിൽ ഒന്നാം പ്രതിയായി പൊലീസ് ചേർത്തിരിക്കുന്നത് പവിത്ര ഗൗഡയെയാണ്. ദർശൻ രണ്ടാം പ്രതിയാണ്.

പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്.

നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം' എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതാണ് എല്ലാറ്റിനും തുടക്കമായത്.

ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹിക മാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു.

പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പവിത്രയെ അവഹേളിക്കുന്ന വിധത്തിലുള്ള കമന്റ് നടിക്ക് സഹിക്കാൻ ആയില്ല. ഇതോടെ ഇവർ ദർശനെ വിളിച്ചുകരഞ്ഞു പറഞ്ഞു. ആളെ തീർക്കാനുള്ള നിർദ്ദേശം നടിയുടേത് ആണെന്നാണ് പുറത്തുവരുന്ന വിവരപം.

ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പൊലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തി. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തി. രാവിലെ ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്ത അന്നപൂർണേശ്വരീ പൊലീസ് സ്റ്റേഷനുമുമ്പിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.

സിനിമകളിൽ കരുത്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ കന്നഡ നടൻ ദർശൻ തൊഗുദീപ, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പലവട്ടം മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കയാണ്.

ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ
അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.

രേണുക സ്വാമിയുടെ ശവശരീരം ജൂൺ 9ന് ബെംഗലൂരുവിലെ സോമനഹള്ളിയിലുള്ള ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും കണ്ടെത്തി. ഇതൊരു ആത്മഹത്യയാണ് എന്നാണ് പൊലീസ് ആദ്യം കരുതിയത്. ശേഷം നടത്തിയ അന്വേഷണത്തിൽ ഇതുകൊലപാതകമാണ് എന്ന് തെളിഞ്ഞു. തുടർന്ന് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന തരത്തിൽ നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്ക് പ്രാഥമിക അന്വേഷണം നീണ്ടതോടെ മരിച്ച ആളെ കുറിച്ച് വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചു.

ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി. പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശന്റെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്ന് ദർശനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.