- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് അതീവ ഗൗരവത്തിലുള്ള ഈ റിപ്പോർട്ട് പുറത്തു വിടുന്നത്. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാട് വിടാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായി ജാമ്യം കിട്ടിയ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.
ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഈ പൊലീസുകാരനാണ് രാഹുലിന് പറഞ്ഞുകൊടുത്തത് എന്നാണ് റിപ്പോർട്ട്. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാനാണ് തീരുമാനം. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയൻ. എന്നാൽ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ നിരന്തരം രാഹുലുമായി ഫോണിൽ സംസാരിച്ചിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമോ നൽകിയിരുന്നു. വിശദ അന്വേഷണത്തിൽ ഈ സിവിൽ പൊലീസ് ഓഫീസർക്കെതിരെ തെളിവ് കിട്ടിയാൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിന്റെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിന്റെ സഹോദരിക്കുമെതിരെ നിലവിൽ പരാതിക്കാരി മൊഴി നൽകിയിട്ടില്ല. എന്നാൽ ചില ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവർക്കും എതിരെയും കേസ് എടുത്തേക്കും. പെൺകുട്ടിയുടെ വിശദ മൊഴി എടുത്ത ശേഷം ഇക്കാര്യത്തിൽ പിന്നീട് തീരുമാനിക്കും. ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ രാഹുൽ പി. ഗോപാലിന്റെ സുഹൃത്തായ രാജേഷിന് ജാമ്യം കിട്ടിയിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് രാജേഷ്. ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനിടെ, കേസ് അന്വേക്ഷിക്കുന്ന ഫറോക്ക് എ.സി.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
ഐപിസി 212 ആണ് പ്രതിക്കെതിരെ ചുമത്തിയത്. ജാമ്യം നൽകാവുന്ന കേസ് ആയിരുന്നിട്ടും 14 ദിവസം റിമാന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇത് നിയമ വിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ് വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം ഐപിസി 212 ന് ജാമ്യം നൽകാവുന്നതാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ റിമാൻഡ് ആവശ്യപ്പെട്ടത് മറ്റാരെയോ തൃപ്തിപെടുത്താനാണെന്നും അഭിഭാഷകൻ ആരോപിച്ചു.