കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞത് ഡി എന്‍ എ പരിശോധനയില്‍. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ - കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമാണ് ബിജു പൗലോസ്. 2010 ജൂണ്‍ ആറിനാണ് 17 വയസുകാരിയായ രേഷ്മയെ കാണാതായത്. 15 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. കേരളാ പോലീസിന്റെ അന്വേഷണ പാടവത്തിനുള്ള തെളിവാണ് അറസ്റ്റ്.

രേഷ്മയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ രാമന്‍ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍െ ചയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ കോടതിയെ അറിയിച്ചു. അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ല്‍ ഡിസംബറില്‍ കുടുംബം വീണ്ടും കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് ഉത്തരവിട്ടത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട രേഷ്മയെ പാണത്തൂര്‍, പവിത്രം കയ പുഴയില്‍ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎന്‍എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. 2024 ഡിസംബര്‍ 9നാണ് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാന്‍ പ്രതിയുടെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.

നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിജു പൗലോസ് ഇതിനെ എതിര്‍ത്തതിനാല്‍ നടന്നില്ല. രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റ് പാത്രം ബിജു പൗലോസിന്റെ വീട്ടില്‍നിന്ന് പൊലീസ് അഞ്ചു വര്‍ഷം മുന്‍പ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപോര്‍ട്ട് പുറത്ത് വന്നില്ല. കോടതിയില്‍നിന്ന് പലപ്പോഴും ബിജു പൗലോസ് അനുകൂല വിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഹൈകോടതിയില്‍നിന്നും പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെയെത്തിച്ചാണ് ബിജു പൗലോസ് പൊലീസ് നീക്കത്തിന് തടയിടുന്നത്. നിരവധി തവണ അയാളെ ചോദ്യം ചെയ്തു. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ഗൗനിച്ചിരുന്നില്ല.

പിന്നീട് ആദിവാസി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്. അപ്പോഴേക്കും പതിറ്റാണ്ട് കഴിഞ്ഞു. തെളിവുകളൊന്നുമില്ലാതെയായി. രേഷ്മ മരിച്ചോയെന്ന് പോലും വ്യക്തമാക്കാന്‍ പൊലീസിനാകുന്നില്ല. ഈ ഘട്ടത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തിയത്. രേഷ്മയെ കാണാതായിട്ട് 15 വര്‍ഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മൊയോലത്തെ വീട്ടിലെത്തി രേഷ്മയുടെ അച്ഛന്‍ പി സി രാമനില്‍നിന്നും വിവരങ്ങള്‍ തേടിയിരുന്നു. സമീപത്തെ വീടുകളിലും അന്വേഷണ സംഘമെത്തി. രേഷ്മ പഠിച്ച ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിവരങ്ങളും ശേഖരിച്ചു. 2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്സ് ട്രെയിനിങ് പരിശീലനത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്.