കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ പയ്യാവൂരിൽ ഹോംസ്റ്റേ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് പിടിയിലായത്. നായാട്ടിനു പോയ പരത്തനാൽ ബെന്നിയെ ശനിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടുസംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ പെട്ട കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളിൽ ഏലപ്പാറയിലാണ് മലയോര മേഖലയെ നടുക്കിയ സംഭവം നടന്നത്. ജനവാസകേന്ദ്രത്തിൽ നിന്നും 200 മീറ്റർ അകലെ വനമേഖലയോട് ചേർന്നു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് കാഞ്ഞിരക്കൊല്ലിയിലെ പരത്തനാൽ ബെന്നി (55) വെടിയേറ്റുമരിച്ചത്.

ശനിയാഴ്‌ച്ച പുലർച്ചെ ഒന്നരയോടെ, ലൈസൻസ് ഇല്ലാത്ത തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. സംഭവം നടക്കുമ്പോൾ പള്ളത്ത് നാരായണനും രജീഷ് അമ്പാട്ടും ബെന്നിയോടൊപ്പം ഉണ്ടായിരുന്നു. താഴെ വീണ തോക്ക് എടുക്കുന്നതിനിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇക്കാര്യത്തിൽ പൊലിസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.

ബെന്നിയും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് കപ്പ കൃഷി ചെയ്തിരുന്നു. ഈ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കർഷകർ രാത്രിയിൽ കാവലിരുന്നാണ് കാർഷിക വിളകൾ സംരക്ഷിക്കുന്നത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിന് കാരണമായ തോക്ക്. കസേരയിൽ തോക്കുമായി കാവലിലിരിക്കുകയായിരുന്ന ബെന്നി ഉറക്കം തൂങ്ങുന്നതിനിടയിൽ തോക്ക് താഴെ വീണു, ഇത് കുനിഞ്ഞ് എടുക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടി പൊട്ടിയത്.

ഈ സമയം മറ്റ് രണ്ട് പേർ തറയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.വെടിശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഇവർ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഉടൻ തന്നെ പയ്യാവൂരിലുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേതുടർന്ന് ഇരുവരും പയ്യാവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംഭവിച്ചത് പറയുകയായിരുന്നു. സ്റ്റേഷനിൽ ഹാജരായ മറ്റ് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇതിൽ ഒരാൾ യൂത്ത് കോൺഗ്രസ് ജില്ലാഭാരവാഹികൂടിയാണ്.

കാഞ്ഞിരക്കൊല്ലിൽ അരുവിയെന്ന പേരിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള ഡേഹട്ട് നടത്തി വരികയായിരുന്നു ബെന്നി. കർണാടക വനമേഖലയിൽ 200 മീറ്റർ ദൂരം മാത്രം ചേർന്നു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് സംഭവം ഉണ്ടായത്. ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ആനകൾ ഉൾപ്പെടുന്ന വന്യമൃഗങ്ങളും നിരവധിയുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ മലയോരത്ത് നായാട്ടു സംഘങ്ങളും നിരവധിയാണ്.

സംഭവസ്ഥലത്തു നിന്നും നാടൻ തോക്കിന്റെ തിരയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ, ഡോഗ്‌സ്‌ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കൾ. സംഭവസമയത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ ഒഴിവാക്കി മറ്റൊരാളെ പ്രതി ചേർക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ പൊലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് റൂറൽ എസ്. പി ഹേമലത സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബെന്നിയുമായി കൂടെയുണ്ടായിരുന്നവർക്ക് എന്തെങ്കിലും ബിസിനസ് തർക്കമുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തന്നെ വനംവകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിനെ തളിപറമ്പ് ഫോറസ്റ്റ് റെയ്ഞ്ചിൽ നിന്നും വിളിച്ചുവരുത്താറുണ്ട്. കർണാടകയിൽ നിന്നാണ് ജില്ലയിലെ മലയോരങ്ങളിൽ വൻതോതിൽ കള്ളത്തോക്കുകൾ എത്താറുള്ളത്. ഇതുപയോഗിച്ചും കർഷകർ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാറുണ്ട്. കപ്പയ്ക്ക് ചരിത്രത്തിലില്ലാത്ത വിധത്തിൽ നല്ല വില ലഭിക്കാറുണ്ടെങ്കിലും കാട്ടുപന്നിയുടെ ശല്യം കാരണം വിളവ് ലഭിക്കാറില്ലെന്നാണ്കർഷകർ പറയുന്നത്.