- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് 48 മണിക്കൂറിനകം വലയിൽ; പ്രതി ആഷിഖ് സഞ്ചരിച്ച വഴികളിലേക്ക് അതിസമർഥമായി പൊലീസിനെ നയിച്ചത് റിക്കി എന്ന പൊലീസ് നായ; റിക്കിക്കും കണ്ണൂർ സ്ക്വാഡിനും സോഷ്യൽ മീഡിയയിൽ കയ്യടി
കണ്ണൂർ: പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തി 48 മണിക്കൂറിനുള്ളിൽ കുപ്രസിദ്ധ മോഷ്ടാവായ യുവാവിനെ റിക്കിയെന്ന പൊലിസ് നായയുടെ സഹായത്തോടെ കണ്ണൂർ ടൗൺ പൊലിസ് സാഹസികമായി പിടികൂടി. പന്ത്രണ്ടോളം കവർച്ചാ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞങ്ങാട് സ്വദേശി 23/23 ഗാർഡൻ വളപ്പിൽ പി. എച്ച് ആഷിഫിനെയാണ് (21) കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനുമോഹനനും സംഘവും നീലേശ്വരത്തു നിന്നും പിടികൂടിയത്.
കഴിഞ്ഞ ഡിസംബർ 24 ന് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കുന്ന് പന്നേൻ പാറയിലെ റെയിൽവേ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് കവർച്ച നടന്നത്. വർക്ക് ഏരിയയിലെ പൂട്ടുപൊളിച്ചു അകത്തു കടന്ന പ്രതി അടുക്കളവാതിൽ തുറന്ന് ബെഡ് റൂമിലെ അലമാരയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ കവർന്നിരുന്നു. വളപട്ടണം പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പാപ്പിനിശേരി റെയിൽവെസ്റ്റേഷനു സമീപത്തെ വീടിന്റെ മുൻ വശത്തെ ഡോറിന്റെ പൂട്ടുപൊളിച്ചു ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ച പതിനൊന്നര പവൻ തൂക്കമുള്ള സ്വർണാഭരണങ്ങളും വിലപിടിച്ച വാച്ചും ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന പണവും കവർച്ച ചെയ്ത കേസിലെയും പ്രതിയാണ് ആഷിഫെന്ന് പൊലിസ് പറഞ്ഞു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ പന്ത്രണ്ടോളം വീടുകളിൽ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി വാതിൽ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സംഭവ സ്ഥലത്ത് നിന്നും ഫോറൻസിക് സംഘം ശേഖരിച്ച വിരലടയാളവും ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ സി.ഡി.ആർ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് അതിവേഗം പ്രതിയിലേക്ക് എത്താൻ സഹായകരമായത്. സ്ക്വാഡിനെ സഹായിക്കുന്നതിനായി കെ 9 സ്ക്വാഡിലെ റിക്കിയെന്ന പൊലീസ് നായയുമുണ്ടായിരുന്നു. റിക്കിയുടെ അതിസമർത്ഥമായ നീക്കങ്ങളിലൂടെ പ്രതി സഞ്ചരിച്ച വഴികൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.
നീലേശ്വരത്ത് നിന്നും പൊലീസിനെ കണ്ട പ്രതി റെയിൽവെ ട്രാക്കിലേക്ക് ഓടിക്കയറുകയും പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ സാഹസികമായി പിടികൂടുകയുമായിരുന്നു. പയ്യന്നൂർ, പഴയങ്ങാടി ,ഒരു ദിവസം ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ്, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയാണ് ഇയാളെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ പറഞ്ഞു. എസ് എ മാരായ ഷമിൽ, സവ്യസാചി എം.അജയ എ.എസ് ഐ മാരായ സംജിത്ത്, സി. രഞ്ചിത്ത്, സി.പി.ഒമാരായ കെ.പി രാജേഷ് ഷൈജു, നാസർ റമീസ്, സനൂപ് ഷിനോജ് ബാബു മണി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
പന്ത്രണ്ടു വീടുകൾ കുത്തി തുറന്ന കേസുകൾ നിലവിലുള്ള ആഷിഫ് ആറു മാസത്തേക്ക് കാപ്പനിയമപ്രകാരം തൃശൂർ ഹൈടെക് സുരക്ഷാ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ ആറിന് പുറത്തിങ്ങിയ ശേഷമായിരുന്നു വീണ്ടും കവർച്ച നടത്താനിറങ്ങിയത്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലിസ് സ്റ്റേഷനായ കണ്ണൂർ ടൗൺ കുറ്റാന്വേഷണ രംഗത്ത് വീണ്ടും മികവ് തെളിയിച്ചിരിക്കുകയാണ്. കണ്ണൂർ സ്ക്വാഡെന്നാണ് കണ്ണൂരിലെ പൊലിസിന്റെ അന്വേഷണ മികവ് സോഷ്യൽ മീഡിയയിൽ പ്രകീർത്തിക്കപ്പെടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്