- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണിമുടക്ക് ദിവസം ഡാന്‍സാഫ് വലവിരിച്ചത് യാസര്‍ അറഫാത്തിനെ കുരുക്കാന്‍; ആണ്സുഹൃത്തിനുള്ള കുരുക്കില്‍ അകപ്പെട്ടത് സിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'; സിനിമ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പ്പന; നാല് സിനിമാ താരങ്ങളും ഒരു സംവിധായകനും സ്ഥിരമായി റിന്‍സിയെ ബന്ധപ്പെട്ടു; ആ പ്രമുഖ താരങ്ങളെ തേടി അന്വേഷണ സംഘം
ആ പ്രമുഖ താരങ്ങളെ തേടി അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പല പ്രമുഖ താരങ്ങളുമായും ലഹരി ഇടപാട് നടത്തിയിരുന്നതായി സൂചന. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നാല് പേരെ ഫോണില്‍ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ കൂടിയായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് പറയുന്നത്. പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പൊലീസ് എത്തിയത്.
സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന. സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. റിന്‍സിയെ നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി.
സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് റിന്‍സി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിന്‍സി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളും പൊലീസിന് കിട്ടി. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി ലഹരിക്കച്ചവടത്തിനായി തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ലാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ലക്ഷ്യം റിന്‍സി ആയിരുന്നില്ല. റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെയായിരുന്നു ഡാന്‍സാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസര്‍ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്‌ലാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘം റിന്‍സിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകള്‍ നടത്തിയതിന്റെ വിരങ്ങള്‍ ഇവരുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.
ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരില്‍ പ്രധാനിയാണ് യാസര്‍ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാന്‍സാഫ് കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസര്‍ പിടിയിലായപ്പോള്‍ ഒപ്പമുണ്ടായിരുന്ന റിന്‍സിയുടെ ഫോണും പരിശോധിച്ചു. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകള്‍ കണ്ടെത്തി. ഇടപാടുകാര്‍ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാന്‍ ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്നായിരുന്നു ലഹരി ഇടപാട്. പാലച്ചുവടില്‍ റിന്‍സിയുടെ പേരില്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റിലായിരുന്നു ലഹരിവില്‍പന. ഇവിടെ നിരന്തരം സന്ദര്‍ശകര്‍ എത്തിയിരുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധിച്ചത്. കേരളത്തില്‍ തന്നെയുള്ള ഒരാള്‍ എംഡിഎംഎ നല്‍കുന്നതായാണ് പ്രതികള്‍ നല്‍കിയ വിവരം. ഇയാളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിറ്റി പോലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ് റിന്‍സി മുംതാസ്, കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസര്‍ അറാഫത്ത്.