പത്തനംതിട്ട: കാടു വെട്ടുന്ന പണിക്ക് വന്ന വീട്ടില്‍ രാത്രി മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. കടമ്മനിട്ട കണ്ടംകുളം ലക്ഷംവീട് കോളനിയില്‍ അബു എന്ന് വിളിക്കുന്ന അമല്‍ എന്ന ഇരുപത്തിയേഴുകാരനാണ് പിടിയിലായത്. ഇയാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച്ച രാത്രി പത്തരയോടെ കടമ്മനിട്ട മണ്ണില്‍ പൊന്നമ്മയുടെ വീട്ടിലാണ് അബു മോഷ്ടിക്കാന്‍ കയറിയത്. ഉടമ തേവലക്കരയിലുള്ള ഇളയ മകളുടെ വീട്ടില്‍ പോയതറിഞ്ഞാണ് കള്ളന്‍ സ്ഥലത്തെത്തിയത്. മുന്‍പ് ജോലിക്കായി അമലിനെ പൊന്നമ്മ വിളിച്ചിട്ടുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെ വീടിനുള്ളില്‍ കള്ളന്‍ പ്രവേശിച്ചിട്ടുണ്ടെന്ന് അയല്‍പക്കത്തുള്ളവര്‍ എറണാകുളത്തുള്ള മകളെ അറിയിച്ചു. തുടര്‍ന്ന് മകള്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് വീട് വളയുകയും കള്ളനെ പിടികൂടുകയുമായിരുന്നു.

അമലിനെ മുന്‍പ് പൊന്നമ്മ വീട്ടില്‍ കാടുവെട്ടുന്ന പണിക്ക് വിളിച്ചിരുന്നു. വീടിന്റെ മുക്കും മൂലയും നോക്കി മനസിലാക്കി വച്ച ഇയാള്‍ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയാണ് മോഷണത്തിന് വന്നത്. വീടിനുള്ളില്‍ നുറുങ്ങൂവെട്ടം കണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് കള്ളനെ പിടികൂടുന്നതിലേക്ക് നയിച്ചത്. മൊബൈല്‍ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് അലമാര കുത്തിത്തുറന്ന കള്ളന്‍ വെളിയില്‍ നാട്ടുകാരും പോലീസും സംഘടിച്ചത് അറിയാതെ മോഷണം തുടരുകയായിരുന്നു.

വിവിധ മുറികളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന് വേണ്ടി പരതിയിരുന്നു. പോലീസെത്തി വിശദമായ പരിശോധന നടത്തി. ഇയാള്‍ ഒറ്റയ്ക്കല്ലെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. വീടിന്റെ മുക്കും മൂലയും തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ കാവലിരുന്നാണ് നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടിയത്.