ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാത തുറന്നതിന് ശേഷം നിരവധി അപകടങ്ങൾ ഈ പാതയിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഈ പാതയിൽ കവർച്ചാ സംഘങ്ങളും തമ്പടിക്കുന്നത് യാത്രികരെ ഭീതിപ്പെടുത്തുകയാണ്. യാത്രക്കാർക്ക് ഭീഷണിയായി കവർച്ചസംഘങ്ങൾ വിലസുകയാണ് ഈ അതിവേഗപാതയിൽ. വാഹനം റോഡരികിൽ നിർത്തുമ്പോൾ ബൈക്കുകളിൽ എത്തുന്ന സംഘങ്ങൾ ഭീഷണികളുമായി എത്തുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞദിവസം രാത്രി ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരിൽനിന്ന് 70 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നു. ഇതോടെ യാത്രക്കാർക്ക് പൊലീസും മുന്നറിയിപ്പുമായി രംഗത്തുണ്ട്. ആദ്യസംഭവത്തിൽ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവർച്ചയ്ക്കിരയായത്. നഗുവനഹള്ളി ഗേറ്റിന് സമീപം കാർ നിർത്തി വിശ്രമിച്ചപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയശേഷം 30 ഗ്രാമിന്റെ സ്വർണമാല കവരുകയായിരുന്നു. കവർച്ചക്കാർ ഹെൽമറ്റ് ധരിച്ചിരുന്നു.

മറ്റൊരുസംഭവത്തിൽ കോലാർ സ്വദേശികളായ ഡോ. രക്ഷിത് റെഡ്ഡി, ഭാര്യ ഡോ. മാനസ എന്നിവരാണ് കവർച്ചയ്ക്കിരയായത്. ഗൗരിപുരയ്ക്കു സമീപം വാഹനത്തിന്റെ ടയർ മാറ്റുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം 40 ഗ്രാമിന്റെ മാല കവരുകയായിരുന്നു. തുടർന്ന് അക്രമികൾ വളരെവേഗത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മാണ്ഡ്യ എസ്‌പി. എൻ. യതീഷ് സംഭവസ്ഥലങ്ങൾ സന്ദർശിച്ചു. രണ്ടുസംഭവങ്ങളിലും ശ്രീരംഗപട്ടണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതിയപാത ഉദ്ഘാടനം ചെയ്തശേഷം ഒട്ടേറെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്. പലരും കേസിന്റെ പിന്നാലെ നടക്കാനുള്ള മടികാരണം പരാതിപ്പെടാൻ തയ്യാറാകാറില്ല. രാത്രിയിലാണ് കൂടുതലും കവർച്ച നടക്കുന്നത്. കാർ റോഡരികിൽ നിർത്തുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ സഹായിക്കാനെന്ന വ്യാജേന എത്തിയും കവർച്ച നടത്താറുണ്ട്.

പുതിയപാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും രാത്രികാലങ്ങളിൽ കവർച്ചാ സംഘങ്ങൾ പ്രവേശിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. യാത്രക്കാർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനം നിർത്തരുതെന്നും എന്തെങ്കിലും സംശയം തോന്നിയാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും മാണ്ഡ്യ എസ്‌പി. പറഞ്ഞു.
യിരുന്നു.