ആലപ്പുഴ: ആലപ്പുഴ ചെട്ടിക്കാട് അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയത് രണ്ടാം വിവാഹത്തിന്റെ പേരിലുള്ള തർക്കത്തിനൊടുനിൽ. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരനായ ബെന്നിയാണ് അരുംകൊല നടത്തിയത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കാര്യം ബെന്നി അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 18 മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസിൽ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവർ സംഭവം പൊലീസിലും അറിയിച്ചു. തുടർന്നാണ് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്.

17ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിൻഭാഗത്തുകൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടർന്ന് ദൃശ്യം മോഡലിൽ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്. തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.