കണ്ണൂർ: കണ്ണൂരിലെ ജൂവലറി ജീവനക്കാരിയായ യുവതി കടലിൽ ചാടി മരിച്ച സംഭവത്തിനു പിന്നിൽ സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്വർണവും പണവും തട്ടിയെടുത്ത് യുവതിയെ വഞ്ചനയ്ക്കിരയാക്കിയെന്നാണ് ആരോപണം. ഇതോടെ പൊലീസ് സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂർ പയ്യാമ്പലത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേബി ബീച്ചിൽ കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ആരോപിച്ചു പൊലീസ് രംഗത്തുവന്നത്. ഈ കേസിലെ ദുരൂഹതയുടെ ചുരുൾ അഴിച്ചെടുക്കുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് കേസ് ശാസ്ത്രീയ അന്വേഷണമാണ് നടത്തുക. യുവതിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തത്.

കണ്ണൂർ കൃഷ്ണാ ജൂവലേഴ്‌സ് ജീവനക്കാരിയും അഞ്ചുകണ്ടി സ്വദേശിനിയുമായവി കെ റോഷിത (32) യാണ് മരിച്ചത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാറിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.

യുവതിയുടെ ആഭരണങ്ങൾ വിൽപന നടത്തിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇവർ ആരുടെയെങ്കിലും പ്രേരണയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുക. കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് കണ്ണൂർ കൃഷ്ണാ ജൂവലറിയിലെ ജീവനക്കാരിയായ റോഷിതയെ പയ്യാമ്പലം ബേബി ബീച്ചിനരികെയുള്ള കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികമായി റോഷിത ചതിക്കപ്പെട്ടിരുന്നോയെന്നാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. ആറു ലക്ഷം രൂപ റോഷിത തന്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായും മൂന്ന് ലക്ഷം രൂപയുടെ സ്വർണം വിൽപന നടത്തിയതായും പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

താൻ മരിക്കുന്നുവെന്ന സന്ദേശം വാട്ട്‌സ് ആപ്പ് സ്റ്റാറ്റസാക്കിയാണ് അഞ്ചു കണ്ടിയിലെ വീട്ടിൽ നിന്നും ജൂവലറിയിലേക്ക് യാത്ര തിരിച്ച ഇവരെ കാണാതായത്. ഇതോടെയാണ് ബന്ധുക്കളും പൊലിസും തെരച്ചിൽ തുടങ്ങിയത്. സംഭവ ദിവസം വൈകുന്നേരം റോഷിത ബേബി ബീച്ചിനടുത്തെ മസ് കോർട്ട് പാരഡൈസിൽ ചായ കുടിക്കാൻ കയറുന്നതും അതിനു ശേഷം മൊബൈൽ ഫോണും പേഴ്‌സും മേശയിൽ വെച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനോട് എന്തോ പറഞ്ഞ് അവിടെ നിന്നു ഇറങ്ങി പോകുന്നതായുള്ള വീഡിയോ ദൃശ്യം പുറത്തു വന്നുണ്ട്.

ഇതു കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. അതീവ ഗുരുതരമായ സാമ്പത്തിക കെണിയിൽ റോഷിത അകപ്പെട്ടു പോയിട്ടുണ്ടെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കണ്ണൂർ താവക്കരയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്നും പ്രതീക്ഷിച്ച പണം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത നിരാശയിലായിരുന്നു റോഷിത. പലതവണ സ്ഥാപനത്തിൽ പടികൾ ഇവർ കയറിയിറങ്ങിയിരുന്നു.

അത്യാവശ്യ കാര്യത്തിന് കടം നൽകി സഹായിക്കണമെന്ന് അടുപ്പമുള്ളവരോട് ആവശ്യപെട്ടിട്ടും അവരും സഹായിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഇന്ന് പണം കൊണ്ടല്ലാതെ താൻ വരില്ലെന്നും തന്നെ പിന്നെ കാണില്ലന്നും ഭർത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞത്. അന്നേ ദിവസം രാവിലെ വീട്ടിൽ നിന്നും ജൂവലറി റിലേക്ക് ഇറങ്ങിയ റോഷിത ഉച്ചയ്ക്ക് രണ്ടു മണിയോടെ അഞ്ചു കണ്ടിയിലെ വീട്ടിലേക്ക് വീണ്ടും തിരിച്ചു വന്നതിന് ശേഷം ഇളയ കുഞ്ഞിന് മുലപ്പാൽ നൽകിയതിനു ശേഷമാണ് ജൂവലറിയിലേക്ക് മടങ്ങിയത്.