കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എടച്ചേരി മുത്തപ്പൻ മടപ്പുരയ്ക്കടുത്തു താമസിക്കുന്ന റോഷിത(32) നിക്ഷേപതട്ടിപ്പിന് ഇരയായതായി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. താവക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തിൽ റോഷിത പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിലെത്തി.

എന്നാൽ അവർ പണം നൽകാതെ രണ്ടു ദിവസം കഴിഞ്ഞു വരാനായിരുന്നു പറഞ്ഞത്. രണ്ടുദിവസം കഴിഞ്ഞിട്ടു പോയപ്പോഴും റോഷിതയ്ക്കു പണം നൽകിയില്ല. തുടർന്ന് വെള്ളിയാഴ്‌ച്ച രാവിലെ യുവതി പണത്തിനായി വീണ്ടും ഈ സ്ഥാപനത്തിൽ ചെന്നു. പണം നൽകാൻ കഴിയില്ലെന്നായിരുന്നു അപ്പോഴും സ്ഥാപന അധികൃതരുടെ മറുപടി.

അന്നേ ദിവസം പണവുമായി വരുമെന്നും, പണം കിട്ടിയില്ലെങ്കിൽ തന്നെ ആരും പിന്നെ കാണില്ലെന്നും ഭർത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞതായി പറയുന്നു. നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നും പണം ലഭിക്കാതെയായതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

എന്നാൽ ആരുടെ കൈയിൽ നിന്നും പണം ലഭിക്കാതെയായതോടെയാണ് തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കൾക്ക് സന്ദേശവും സമൂഹമാധ്യമത്തിലൂടെ സ്റ്റാസുമിട്ടതിനു ശേഷമാണ് യുവതി ജീവനൊടുക്കിയത്. കണ്ണൂർ സിറ്റി പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത്.

കണ്ണൂരിലെ ജൂവലറി ജീവനക്കാരിയായ റോഷിത വെള്ളിയാഴ്‌ച്ച ഉച്ചയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കുട്ടിക്ക് പാൽ കൊടുക്കാനെന്ന് പറഞ്ഞ് അഞ്ചുകണ്ടിയിലെ വീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിന് പാൽകൊടുത്തു വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് ബന്ധുക്കൾക്ക് താൻ ജീവനൊടുക്കുകയാണെന്ന് പറഞ്ഞുള്ള സ്റ്റാസിട്ടത്. ഇതേ തുടർന്ന് ബന്ധുക്കളും പരിചയക്കാരും പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യാമ്പലം ബേബിബീച്ചിൽ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സാക്ഷ്, പ്രയാക്ഷ് എന്നിവരാണ് മക്കൾ.

കണ്ണൂർ ജില്ലയിൽ നടമാടുന്ന നിക്ഷേപതട്ടിപ്പിന് ഇരയായി നിരവധി പേർക്കാണ് ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. നാടുവിട്ടവരും കുറവല്ല. മാസങ്ങൾക്കു മുൻപ് കണ്ണൂരിനെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു അർബൻ നിധി തട്ടിപ്പ്. കണ്ണൂരിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഇവിടെ നിക്ഷേപിച്ചതുകാരണം കോടികളാണ് നഷ്ടപ്പെട്ടത്.

അർബൻ നിധിക്കെതിരെ ജില്ലയിലെ പലഭാഗങ്ങളിൽ നിന്നും ഇപ്പോഴും പരാതി ഉയർന്നുവരുന്നുണ്ട്. ഈ കേസിൽ ഇരുപതുലക്ഷം രൂപ ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിട്ടുണ്ട്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകരുടെ പരാതിയിൽ അർബൻനിധിയുടെയും ഇതിന്റെ മറവിൽ വ്യാപകമായ തട്ടിപ്പു നടത്തിയ എനി ടൈം മണിയുടെയും അക്കൗണ്ടുകൾ പൊലിസ് മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളിൽ നിന്നായി പതിനൊന്ന് ലക്ഷം രൂപയും പ്രതികളുടെ സ്വന്തം അക്കൗണ്ടിൽ നിന്നായി 9.30ലക്ഷം രൂപയുമാണ് ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയത്. ഇവ കണ്ണൂർ ജില്ലാകലക്ടർക്ക് എസ്. ചന്ദ്രശേഖർക്ക് കൈമാറിയിട്ടുണ്ട്. അർബൻ നിധിയുടെ താവക്കരയിലെ ഓഫീസിൽ നിന്നും ലഭിച്ച 45 ലാപ് ടോപ്പുകൾ പരിശോധിച്ചു കോടതിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കമ്പനി ഡയറക്ടറായ ആന്റണിയുടെ അഞ്ചുവാഹനങ്ങളും മൂന്നാം പ്രതിയായ മലപ്പുറം ചങ്ങരക്കുളം ഷൗക്കത്തലിയുടെ വീടും സ്ഥലവും ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിരുന്നു.